/sathyam/media/media_files/2026/02/14/untitled-2026-02-14-15-51-37.jpg)
ബിഹാര്‍: ബിഹാറിലെ ഭോജ്പൂരില്‍ സാംസ്‌കാരിക പരിപാടിക്കിടെ നര്‍ത്തകിയോട് കാണികള്‍ കാട്ടിയ ക്രൂരത ചര്‍ച്ചയാകുന്നു. നൃത്തം ചെയ്യുന്നതിനിടെ ഒരു സംഘം ആളുകള്‍ സ്റ്റേജില്‍ അതിക്രമിച്ചു കയറി യുവതിയുടെ വായിലേക്ക് നാണയങ്ങള്‍ നിര്‍ബന്ധിച്ച് തിരുകുകയായിരുന്നു. ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട് നില ഗുരുതരമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോജ്പൂരിലെ ചന്ദ്വ ടോള പ്രദേശത്ത് നടന്ന പ്രാദേശിക പരിപാടിക്കിടെയാണ് സംഭവം. യുവതി നൃത്തം ചെയ്യുന്നതിനിടെ ആവേശത്തിലായ ചില കാണികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് സ്റ്റേജിലേക്ക് ഓടിക്കയറി.
പരിപാടികളില്‍ പണം എറിയുന്ന പതിവ് രീതിക്ക് പകരം, അക്രമാസക്തരായ ഇവര്‍ യുവതിയുടെ വായിലേക്ക് നാണയങ്ങള്‍ കുത്തിനിറയ്ക്കുകയായിരുന്നു. പെട്ടെന്നുതന്നെ യുവതി ശ്വാസം കിട്ടാതെ വേദിയില്‍ തളര്‍ന്നുവീണു. ഇതോടെ ആഘോഷം പെട്ടെന്ന് സംഘര്‍ഷഭരിതമായി.
യുവതിയെ ഉടന്‍തന്നെ ആരാ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ തൊണ്ടയില്‍ കുടുങ്ങിയ നാണയങ്ങള്‍ നീക്കം ചെയ്തു.
എങ്കിലും ശ്വാസകോശത്തിന് ആഘാതം സംഭവിച്ചതിനാല്‍ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. അടുത്ത 24 മണിക്കൂര്‍ നിരീക്ഷണം അത്യാവശ്യമാണെന്ന് മെഡിക്കല്‍ അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us