/sathyam/media/media_files/2026/01/25/1000444356-2026-01-25-19-38-41.webp)
ഭോപ്പാൽ: ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് ഭർത്താവ് ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച രോഗിയായ വീട്ടമ്മ വഴിമധ്യേ മരിച്ചു.
മധ്യപ്രദേശിലെ സാഗറിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നത്. പച്ചക്കറി വിൽപനക്കാരനായ പവൻകുമാറിന്‍റെ ഭാര്യയാണ് മരിച്ചത്.
​ശനിയാഴ്ച്ചയാണ് പവൻകുമാറിന്‍റെ ഭാര്യയുടെ ആരോഗ്യനില വഷളായത്. ആംബുലൻസ് വിളിക്കാൻ സഹായമഭ്യർഥിച്ച് ഇദ്ദേഹം അയൽവീടുകളിൽ കയറിയിറങ്ങിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
തുടർന്ന് ഗത്യന്തരമില്ലാതെ, ഉപജീവനമാർഗമായ ഉന്തുവണ്ടിയിൽ ഭാര്യയെ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുംമുമ്പ് മരണം സംഭവിച്ചു.
​ഉത്തർപ്രദേശ് സ്വദേശിയായ പവൻ കുമാർ 12 വർഷത്തോളമായി മധ്യപ്രദേശിലാണ് താമസം. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഭാര്യയുടെ ചികിത്സയ്ക്കായി കുടുംബത്തിന്‍റെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചിരുന്നു. കയ്യിൽ പണമില്ലാത്തതിനാലാണ് സ്വകാര്യ വാഹനം വിളിക്കാൻ സാധിക്കാതിരുന്നത്.
​അടിയന്തര സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു കുടുംബം. ആംബുലൻസ് ലഭിക്കാത്ത സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us