/sathyam/media/media_files/2026/02/06/deepak-chopra-2026-02-06-09-03-54.jpg)
ഡല്‍ഹി: ആത്മീയ ഗുരു ദീപക് ചോപ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. 16-ാം വയസ്സില്‍ അസമയത്ത് മുറിയിലേക്ക് ക്ഷണിച്ചെന്ന് യുവതി ആരോപിച്ചു. യൂറോപ്പിലെ ഒരു മെഡിറ്റേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നതെന്ന് സെവ്ദ എക്സില്‍ കുറിച്ചു.
അന്ന് 16 വയസ്സ് മാത്രമുണ്ടായിരുന്ന തനിക്ക് ചോപ്ര സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കുകയും രാത്രി വൈകി അദ്ദേഹത്തെ കാണാന്‍ വരണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് വെളിപ്പെടുത്തല്‍. അസ്വസ്ഥത തോന്നിയ താന്‍ അന്ന് ആ ക്ഷണം നിരസിച്ചുവെന്നും അവര്‍ വ്യക്തമാക്കി. 'പുരുഷാധിപത്യമുള്ള ഗുരുക്കന്മാര്‍ വെറും നിര്‍മ്മിതിയാണ്, മിടുക്കികളായ പെണ്‍കുട്ടികളാണ് യാഥാര്‍ത്ഥ്യം,' എന്ന സെവ്ദയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
ചോപ്രയ്ക്ക് ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം വ്യക്തമാക്കുന്ന പുതിയ ഇമെയില്‍ രേഖകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സെവ്ദയുടെ പ്രതികരണം. ആ സമയത്തെ തന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു:
16-ാം വയസ്സില്‍ വീട്ടില്‍ നിന്നിറങ്ങി ചെറിയൊരു മുറിയില്‍ താമസിച്ച് പല ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. മുതിര്‍ന്നവരുടെ സംരക്ഷണമോ സുരക്ഷിതത്വമോ തനിക്കില്ലായിരുന്നു. സ്വയം രക്ഷിക്കാന്‍ എപ്പോഴും ജാഗരൂകയായിരുന്നു. സുരക്ഷിതമല്ലാത്ത പുരുഷന്മാരെ തിരിച്ചറിയാന്‍ ആ പ്രായത്തില്‍ തന്നെ താന്‍ പഠിച്ചിരുന്നുവെന്നും സെവ്ദ കുറിച്ചു.
2016-നും 2019-നും ഇടയില്‍ ദീപക് ചോപ്രയും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിന് ശേഷവും ഇവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നു എന്നത് അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്.
എപ്സ്റ്റീനുമായി പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തന്റെ ചില ഇമെയിലുകളിലെ ഭാഷാപ്രയോഗത്തില്‍ ഖേദിക്കുന്നുവെന്നും ചോപ്ര പ്രതികരിച്ചു. വിശദീകരണത്തിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ 'Reply' ഓപ്ഷന്‍ അദ്ദേഹം ഓഫ് ചെയ്തത് വിമര്‍ശകര്‍ക്കിടയില്‍ സംശയം വര്‍ദ്ധിപ്പിച്ചു.
ഒരു കലാകാരിയും സംരംഭകയുമായ സെവ്ദ റൂബന്‍സ് ആരോഗ്യരംഗത്തെ നൂതന സംരംഭമായ 'cycles.health' എന്ന പ്രോജക്റ്റിന്റെ അണിയറപ്രവര്‍ത്തകയാണ്. ആത്മീയ ഇടങ്ങളിലെ സ്വാധീനശക്തിയുള്ള പുരുഷന്മാരുടെ പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്കാണ് സെവ്ദയുടെ വെളിപ്പെടുത്തല്‍ വഴിതുറന്നിരിക്കുന്നത്.
യുവതിയുടെ നേരിട്ടുള്ള ആരോപണത്തോട് ദീപക് ചോപ്ര ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എപ്സ്റ്റീന്‍ വിഷയത്തില്‍ മാത്രം അദ്ദേഹം പ്രതികരണം ഒതുക്കിയത് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us