ഡെറാഡൂൺ: മദ്രസ ബോർഡിലോ വിദ്യാഭ്യാസ വകുപ്പിലോ രജിസ്ട്രേഷൻ ഇല്ലെന്നാരോപിച്ച് ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ സീൽ ചെയ്തു. മദ്രസകൾ സീൽ ചെയ്തത് ചരിത്ര നടപടിയാണെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ വാദം.
കഴിഞ്ഞ ദിവസം (ഏപ്രിൽ 13 ഞായറാഴ്ച) ഹൽദ്വാനിയുടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബൻഭൂൽപുര പ്രദേശത്ത് ജില്ലാ ഭരണകൂടം, മുനിസിപ്പൽ കോർപ്പറേഷൻ, ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥർ ഒരു പ്രത്യേക പരിശോധന നടത്തി.
തുടർന്ന് രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചുവെന്നാരോപിച്ച് ഏഴ് മദ്രസകൾ സീൽ ചെയ്തു.
സർക്കാർ നിയോഗിച്ച പ്രത്യേക സംഘങ്ങൾ നടത്തിയ വിശദമായ സർവേകളിൽ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഓഫീസിൽ നിന്നുള്ള കത്തിൽ പറയുന്നത്.
ഒപ്പം മദ്രസകളെയും നടത്തിപ്പുകാരെയും മുഖ്യമന്ത്രി കത്തിൽ അധിക്ഷേപിക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തിന്റെ പേരിൽ ‘കുട്ടികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന’ സ്ഥാപനങ്ങളെന്ന് അദ്ദേഹം മദ്രസകളെ വിശേഷിപ്പിച്ചു.
ഇത്തരം സ്ഥാപനങ്ങളെ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മദ്രസകൾ അടച്ചുപൂട്ടിയ സംഭവത്തെ ധാമി ന്യായീകരിച്ചു. മദ്രസകൾ അടച്ചുപൂട്ടുന്നത് ‘ചരിത്രപരമായ ഒരു ചുവടുവയ്പ്പ്’ ആണെന്ന് ധാമി പറഞ്ഞു.