നിയമസഭാ തിരഞ്ഞെടുപ്പ്. കേരളത്തിന് അനുകൂലമായ തീരുമാനങ്ങളെടുത്ത് കേന്ദ്ര സർക്കാർ. കേരള എന്നത് മാറ്റി കേരളം ആക്കുന്നതിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി കേന്ദ്ര സർക്കാർ

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയാണ് ഈ ആവശ്യത്തിന് അനുകൂലമായ തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

New Update
The-name-change-comes-ahead-of-the-assembly-polls-_1771928134732

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മികച്ച പ്രകടനത്തിന് ഊർജം പകരുന്നതിനായി സംസ്ഥാനത്തിന് അനുകൂലമായ തീരുമാനങ്ങളെടുത്ത് കേന്ദ്ര സർക്കാർ.

Advertisment

ബിജെപി സംസ്ഥാന നേതൃത്വത്തിൻെറ നിരന്തര ആവശ്യം പരിഗണിച്ചാണ് കേരളത്തോട് അവഗണനയില്ലെന്ന് വ്യക്തമാക്കുന്ന തീരുമാനങ്ങളുമായി കേന്ദ്ര സർക്കാരിൻെറ ഇടപെടൽ.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരള എന്നത് മാറ്റി കേരളം ആക്കുന്നതിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയതാണ് കേന്ദ്ര സർക്കാരിൻെറ ഏറ്റവും പുതിയ ഇടപെടൽ.

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയാണ് ഈ ആവശ്യത്തിന് അനുകൂലമായ തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

കേരള എന്ന പേര് മാറ്റി കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്രത്തിന് കത്തയച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിൻെറ പുതിയ കാര്യാലയമായ സേവാ തീർത്ഥിൽ  ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

പേരു മാറ്റത്തിനായുള്ള ബിൽ, രാഷ്ട്രപതി സംസ്ഥാന നിയമസഭയ്ക്ക് വൈകാതെ അയയ്ക്കും.പേര് മാറ്റത്തിനായി  കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.കേരളത്തിൽ നിന്നുളള ദീർഘകാല ആവശ്യമാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതെന്ന്, മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

സംസ്ഥാനത്തുനിന്നുളള ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചുവെന്ന് സമർത്ഥിക്കാനാണ് അശ്വനി വൈഷ്ണവ് ശ്രമിച്ചത്.പേര് മാറ്റത്തിന് നിയമനിർമ്മാണം ആവശ്യമാണെന്നും ഇതിനായി ' കേരള (പേര് മാറ്റ) ബിൽ , 2026 , രാഷ്ട്രപതി സംസ്ഥാന നിയമസഭയ്ക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിക്കുന്നതോടെയേ പേര് മാറ്റം യാഥാർത്ഥ്യമാകുകയുളളു.പേര് മാറ്റത്തിനായി  പാർലമെൻറും ബില്ല് പാസാക്കേണ്ടതുണ്ട്.

സംസ്ഥാനത്തിൻെറ ഔദ്യോഗിക നാമം കേരള എന്നതിന് പകരം കേരളം എന്ന ആക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം 2023 ഓഗസ്റ്റ് 9നാണ് സംസ്ഥാന നിയമസഭ പാസാക്കിയത്.

പ്രമേയം കേന്ദ്രത്തിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.എന്നാൽ സാങ്കേതിക കാരണങ്ങൾ നിരത്തി പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയക്കുകയാണ് ഉണ്ടായത്.

തുടർന്നാണ് 2024 ജൂൺ 24ന് സംസ്ഥാന നിയമസഭ ഐകകണ്ഠമായി വീണ്ടും പ്രമേയം പാസാക്കിയത്.ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്ന ഭേദഗതി ചെയ്യുന്നതിന്, ഭരണഘടന അനുച്ഛേദം മൂന്ന് അനുസരിച്ച് നടപടി എടുക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം.

Advertisment