ഡെറാഡൂൺ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റർ അടിയന്തിരമായി റോഡിലിറക്കി. ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിങ് നടത്തിയത്.
ബരാസു ഹെലിപ്പാഡിൽ നിന്ന് ഇന്ന് രാവിലെ പറന്നു പൊങ്ങിയ ഹെലികോപ്റ്റർ അൽപ സമയത്തിന് ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്തു റോഡിൽ ലാൻഡ് ചെയ്യുക ആയിരുന്നു.
അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. നിസ്സാര പരിക്കുകളോടെ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെലികോപ്റ്റര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടുകൾക്കും റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.
ഹെലികോപ്റ്റര്‍ ഭാഗികമായി തകർന്നു. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി ഡിജിസിഎയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.