ഡെറാഡൂൺ: രണ്ടാം വിവാഹത്തിനു പിന്നാലെ ഉത്തരാഖണ്ഡിൽ നിന്നുള്ള മുൻ എംഎൽഎ സുരേഷ് റാത്തോഡിനെ പുറത്താക്കി ബിജെപി. 'മോശം പെരുമാറ്റം' എന്ന് കുറ്റപ്പെടുത്തിയാണ് ആറ് വർഷത്തേക്ക് മുന്‍ ജ്വാലാപൂര്‍ എംഎല്‍എയെ പുറത്താക്കുന്നത്.
സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയായിരുന്നു സുരോഷ് റാത്തോഡ്, ഊർമിള സനവാറിനെ പരിചയപ്പെടുത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് റത്തോഡിനോട് ബിജെപി വിശദീകരണം ചോദിച്ചിരുന്നു.
എന്നാല്‍ സുരേഷ് റാത്തോഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
ജനുവരിയിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് ബഹുഭാര്യത്വം കുറ്റകരമാക്കുന്നതിനാൽ സുരേഷ് റാത്തോഡിന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.