ഡെറാഡൂണ്‍: ഡെറാഡൂണിലെ ഒഎന്‍ജിസി ചൗക്കില്‍ ആറ് യുവാക്കളുടെ ജീവന്‍ അപഹരിച്ച ദാരുണമായ അപകടത്തിന് പിന്നാലെ കണ്ടെയ്നര്‍ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തിന് ശേഷം ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ട്രക്ക് ഡ്രൈവര്‍ സഹറന്‍പൂര്‍ സ്വദേശിയായ 34 കാരനായ രാം കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ ജന്മനാട്ടിലേക്ക് പലായനം ചെയ്തെന്നും അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടില്‍ മനഃപൂര്‍വം വരാതിരിക്കുകയായിരുന്നുവെന്നും ഡെറാഡൂണിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറഞ്ഞു.
അമിതവേഗതയില്‍ വന്ന എംയുവി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേരാണ് മരിച്ചത്.
അപകടത്തില്‍ റോഡില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് ഭയന്നാണ് താന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതെന്ന് ചോദ്യം ചെയ്യലില്‍ ട്രക്ക് ഡ്രൈവര്‍ രാം കുമാര്‍ പോലീസിനോട് പറഞ്ഞു.