ന്യൂഡൽഹി: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെത്തിയ വ്യാജ ബോംബ് സന്ദേശമുള്ള കോളുകളിലും ഇമെയിലുകളിലും അന്വേഷണം. ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സംശയാസ്പദമായ ഇമെയിലുകളും കോളുകളും ലഭിച്ചത്.
സെൻട്രൽ സെക്രട്ടേറിയറ്റിലെ നിരവധി ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ ഒരു ഇമെയിൽ ലഭിച്ചു. ദയവായി ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണെമെന്ന് സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ് ഫോറം സോഷ്യൽ മീഡിയയിൽ കുറിച്ചു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്ററും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഇക്കാര്യം പരിശോധിക്കണമെന്ന് ഫോറം അഭ്യർത്ഥിച്ചു.
ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് സിഎസ്എസ് ഫോറം ജനറൽ സെക്രട്ടറി അശുതോഷ് മിശ്ര അറിയിച്ചു. സെൻട്രൽ സെക്രട്ടേറിയറ്റിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും ഇപ്പോൾ ഓൺലൈനിലായതിനാൽ ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര നടപടി ആവശ്യമാണെന്നും സംശയാസ്പദമായ ഇമെയിലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും സിഎസ്എസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.