/sathyam/media/media_files/2025/09/08/photos196-2025-09-08-12-39-29.jpg)
ഡൽഹി: രാജ്യത്ത് പ്രതിപക്ഷം ശക്തിയാർജ്ജിക്കുകയാണോ ? കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഈ അവകാശ വാദങ്ങൾക്കുള്ള മറുപടി കൂടിയാകും നാളെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇരുമുന്നണികളും വിജയസാധ്യത വിലയിരുത്തുകയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നുമുണ്ട്. സ്വന്തം മുന്നണിയിൽ നിന്ന് വോട്ടു ചോരുമോയെന്ന ആശങ്ക രണ്ടിടത്തുമുണ്ട്.
നിലവിൽ വോട്ടർമാരുടെ എണ്ണം 781 ആണ്. വോട്ടർ പട്ടിക തയ്യാറാക്കിയ ശേഷം മരണപ്പെട്ട ഷിബു സോറൻ ഉൾപ്പെടെ ഏഴ് എംപിമാരുടെ ഒഴിവുകളുണ്ട്.
അട്ടിമറി ഒന്നും ഉണ്ടായില്ലെങ്കിൽ എൻഡിഎ സ്ഥാനാർഥി മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ വിജയിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ സ്ഥാനാർത്ഥി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്കെതിരെ 120 ലേറെ വോട്ടിന്റെ മുൻതൂക്കം ഭരണപക്ഷത്തിനുണ്ട്.
2022 ലെ തെരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻഖർ 528 വോട്ടുകൾ നേടിയിരുന്നു. ഇക്കുറി എൻഡിഎ സ്ഥാനാർത്ഥി 500ന് മുകളിൽ വോട്ടുകൾ നേടാൻ സാധ്യതയില്ല.
രഹസ്യ വോട്ടെടുപ്പായതിനാൽ ക്രോസ്-വോട്ടിംഗ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്ര,തെലങ്കാന എന്നിവിടങ്ങളിൽ നിന്നും പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് മറിയുമോ എന്നാണ് ഭരണപക്ഷത്തിന് ആശങ്ക.
എന്നാൽ തമിഴ്നാട്ടിൽ നിന്നും സഖ്യത്തിലെ വോട്ടിൽ കുറവുണ്ടാകുമോയെന്ന് കോൺഗ്രസും ഭയക്കുന്നുണ്ട്. എങ്ങനെ വോട്ട് ചെയ്യണമെന്ന് ബിജെപി തങ്ങളുടെ എംപിമാരെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പ്രതിപക്ഷം ഇന്ന് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ മോക്ക് പോൾ നടത്തുന്നുണ്ട്.