/sathyam/media/media_files/2025/09/09/photos222-2025-09-09-07-57-12.jpg)
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎയില്‍ നിന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനും, ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം.
എംപിമാര്‍ക്കുള്ള മോക് പോള്‍ ഇന്നലെ നടന്നു. ബിആര്‍എസും ബിജെഡിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജഗദീപ് ധന്‍ഖഢ് രാജിവെച്ചതിന് പിന്നാലെയുള്ള തെരഞ്ഞെടുപ്പ് രാവിലെ പത്തു മണിക്ക് ആരംഭിക്കും.
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗബലത്തില്‍ എന്‍ഡിഎ മുന്നിലാണെങ്കിലും രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമെന്നാണ് ഇന്ത്യ സഖ്യം തെരെഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.
ഇരു സഭകളിലുമായി ആകെ 781 വോട്ടുകള്‍ ആണുള്ളത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജയിക്കാന്‍ വേണ്ടത് 391 വോട്ടുകളാണ്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 423 അംഗങ്ങളുടെ പിന്തുണയുണ്ട്.
322 അംഗങ്ങളുടെ പിന്തുണയുള്ള ഇന്‍ഡ്യ സഖ്യം ഭരണമുന്നണിയിലെ ചില കക്ഷികളുടെ വോട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്. ബിജെഡിയും ബി ആര്‍ എസും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ ഭൂരിപക്ഷ ത്തിന്റെ സംഖ്യ ഇനിയും കുറയും.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന എംപിമാരുടെ വോട്ടിന്റെ പകുതിയോടൊപ്പം ഓരോട്ട് എന്നതാണ് മാന്ത്രിക സംഖ്യ. തെലങ്കാനയിലെ യൂറിയ ക്ഷാമത്തോടുള്ള സര്‍ക്കാരിന്റെ നിസംഗതയില്‍ പ്രതിഷേധിച്ചാണ് ബി ആര്‍ എസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.