/sathyam/media/media_files/2025/09/09/rahul-gandhi-gyanesh-kumar-2025-09-09-16-00-04.jpg)
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോടുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതികരണത്തെ വിമർശിച്ച് മുൻ കമ്മീഷണർമാർ.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ ഖുറേഷി, ഒ.പി. റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച തെക്കൻ കോൺക്ലേവിൽ ഗ്യാനേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/09/09/sy-qureshi-op-rawat-ashok-lavasa-2025-09-09-16-13-31.jpg)
ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയുംകുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂവെന്നുമാണ് ഇവർ അഭിപ്രായപ്പെട്ടത്.
ആരോപണമുന്നയിച്ച രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും നിർബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയർത്താൻ വഴിയൊരുക്കുമെന്നും ആരോപണമുന്നയിച്ച ആളോട് രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തുമെന്നും അവർ തുറന്നടിച്ചു.
തർക്കിക്കുന്നതിനുപകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനം സൃഷ്ടിച്ചുവെന്നും മൂവരും അഭിപ്രായപ്പെട്ടു.
കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ലെന്നും രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി.
/filters:format(webp)/sathyam/media/media_files/2025/09/09/sy-qureshi-2025-09-09-16-15-03.jpg)
രാഹുൽ ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ്. അദ്ദേഹത്തെ കമ്മിഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷന്റെ സത്പേരിന് ചേർന്നതല്ല.
താങ്കളായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയെടു ക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്ന മറുപടിയാണ് ഖുറേഷി നൽകിയത്.
/filters:format(webp)/sathyam/media/media_files/2025/09/09/op-rawat-2025-09-09-16-16-51.jpg)
രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതിനുപകരം പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടലായിരുന്നു നടത്തേണ്ടി യിരുന്നതെന്ന് ഒ.പി. റാവത്ത് അഭിപ്രായപ്പെട്ടു.
കമ്മിഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന വോട്ടർപട്ടിക ചോദ്യം ചെയ്യപ്പെടുമ്പോൾ അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവശ്യമായ അന്വേഷണത്തിന് കമ്മിഷൻ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/09/09/ashok-lavasa-2-2025-09-09-16-18-05.jpg)
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്നു പേരും അറിയിച്ചു. ആദരണീയരായ മൂന്ന് വ്യക്തികളും ഉന്നയിച്ച വിമർശനത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം എക്‌സിലൂടെ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us