/sathyam/media/media_files/2025/09/09/chandra-priyanka-2025-09-09-19-39-38.jpg)
ന്യൂഡൽഹി: ഒരു സംസ്ഥാനത്തെ മന്ത്രിമാരിൽ നിന്നും നിരന്തര ശല്യം നേരിട്ടതിനെ തുടർന്ന് പരാതിപ്പെട്ട വനിത എം.എൽ.എയുടെ അവസ്ഥയെപ്പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ അതും സംഭവിച്ച് കഴിഞ്ഞു.
നിരന്തരമായി മന്ത്രിമാരിൽ നിന്നും ശല്യം നേരിട്ട പുതുച്ചേരിയിലെ വനിതാ എം.എൽ.എ ചന്ദ്ര പ്രിയങ്കയാണ് സ്പീക്കർക്ക് പരാതി നൽകിയിട്ടുള്ളത്. രണ്ടു മന്ത്രിമാരിൽ നിന്നും നിരന്തരം ശല്യം നേരിടുന്നുവെന്നും തന്നെ ജോലി ചെയ്യാൻ പോലും അനുവദിക്കില്ലെന്ന് പറഞ്ഞാണ് പരാതി നൽകിയിട്ടുള്ളത്.
കാരൈക്കാലിൽ നിന്ന് എ.ഐ.എൻ.ആർ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചാണ് ചന്ദിര നിയമസഭയിൽ എത്തിയത്. സ്വന്തം പാർട്ടിയിൽ നിന്നും ബി.ജെ.പിയിൽ നിന്നുമുള്ള മന്ത്രിമാർക്കെതിരെയാണ് മുൻ മന്ത്രിയും എം.എൽ.എയുമായ ചന്ദ്ര പരാതി നൽകിയത്.
സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ ഇക്കാര്യങ്ങൾ ആദ്യം തുറന്നടിച്ചത്. തുടർന്ന് മുഖ്യമന്ത്രി എൻ.രംഗസ്വാമിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് സ്പീക്കർക്ക് കിട്ടിയ പരാതിയിൽ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഗതാഗത മന്ത്രിയായിരുന്ന ചന്ദ്ര 2023ലാണ് രാജിവെയ്ക്കുന്നത്. സ്ത്രീയെന്ന നിലയിൽ വളരെയധികം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജാതീയമായും അവഹേളനങ്ങൾ നേരിട്ടതിന് ശേഷമാണ് രാജിവെയ്ക്കുന്നത്.
സംഭവം നടന്ന രണ്ട് വർഷത്തിനുശേഷമാണ് ഇപ്പോൾ ആരോപണവുമായി എംഎൽഎ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻ കോൺഗ്രസ് നേതാവ് എസ് ചന്ദ്രഹാസുവിന്റെ മകളാണിവർ.
ഉയർന്ന സ്ഥാനത്ത് ഒരു സ്ത്രീയെത്തുന്നത് ആർക്കും ഇഷ്ടമല്ലെന്നും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അവർ ഉയർന്നു വന്നാൽ അവളെ എങ്ങനെയും താഴെയിറക്കണം എന്ന ചിന്തയാണ് പലർക്കുമുള്ളതെന്നും അവർ തുറന്നടിക്കുന്നു.
അതിനുവേണ്ടി അവളെ അപമാനിക്കുകയും അവസാനം രാഷ്ട്രീയ ഭാവിയും തകർക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയമല്ല തന്റെ അച്ഛൻ തന്നെ പഠിപ്പിച്ചത്. തെറ്റ് ചെയ്തിട്ട് അത് ചോദ്യം ചെയ്യാൻ ആരും വരില്ല എന്ന് കരുതുന്നത് മണ്ടത്തരമാണെന്നും ചന്ദ്ര വ്യക്തമാക്കുന്നു.
തനിക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. താൻ എവിടെപ്പോയാലും നിരീക്ഷിക്കാൻ ആളുകൾ ചുറ്റുമുണ്ട്. ഫോൺ വിവരങ്ങൾ പോലും ചോർത്തുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരു സുരക്ഷിതത്വവും ഇല്ല.
എം.എൽ.എയും മുൻ മന്ത്രിയുമായ തന്റെ അവസ്ഥ ഇതാണെങ്കിൽ വെറുമൊരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. എങ്ങനെയൊക്കെ തന്നെ തകർക്കാൻ ശ്രമിച്ചാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നത്.
കോൺഗ്രസിൽ നിന്നും പിളർന്ന എൻ.രംഗസ്വാമിയാണ് ആൾ ഇന്ത്യ എൻ.ആർ കോൺഗ്രസിന് രൂപം കൊടുത്തത്. 2014 മുതൽ എൻ.ഡി.എ ഘടകകക്ഷിയായ എ.ഐ.എൻ.ആർ കോൺഗ്രസ് 2021ലാണ് ഭരണത്തിലേറിയത്.