/sathyam/media/media_files/2025/09/11/voters-list-renewal-2025-09-11-13-32-58.jpg)
ഡൽഹി: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പുതുക്കലിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്താൽ ബംഗാളിലും ഇവിടെയും ഇരട്ടവോട്ടുള്ളവരും കള്ള തിരിച്ചറിയൽ കാർഡുള്ള ബംഗ്ലാദേശികളുമെല്ലാം വോട്ടർ പട്ടികയ്ക്ക് പുറത്താവും.
മരിച്ചവർ, സ്ഥിരതാമസം മാറിയവർ, രണ്ടിടത്ത് വോട്ടുള്ളവർ, പൗരന്മാർ അല്ലാത്തവർ എന്നിവരെല്ലാം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും.
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പുതുക്കലിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങുന്നതായാണ് വിവരം. വോട്ടർ പട്ടിക ശുദ്ധീകരണം ആറുമാസം കൊണ്ട് പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.
ആധാർ വോട്ടിനുള്ള രേഖയായി സ്വീകരിക്കാൻ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് 12 -ാം രേഖയായാണ് ആധാർ കാർഡ് സ്വീകരിക്കുന്നത്.
എന്നാൽ കേരളത്തിൽ വ്യാജ ആധാർ കാർഡുകളുമായി വൻതോതിൽ ബംഗ്ലാദേശികളുണ്ടെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂർ പോലുള്ള മേഖലകളിലാണ് ഇവർ തൊഴിലെടുക്കുന്നത്.
അടുത്തിടെ ബംഗ്ലാദേശി യുവാവ് വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരത്ത് പിടിയിലായിരുന്നു. വിമാനത്താവളത്തിനടുത്ത് ബ്രഹ്മോസ് എയ്റോസ്പേസിന് സമീപം നിർമ്മാണ പ്രവർത്തിയുടെ കരാറെടുത്തയാളുടെ ജോലിക്കാരിലൊരാളായി എത്തിയതായിരുന്നു പ്രണോയ് റോയ് (29).
കൂട്ടത്തിലുണ്ടായിരുന്നവർ ഇയാൾ ഇന്ത്യൻ പൗരനല്ലെന്ന് തിരിച്ചറിഞ്ഞ് വിവരം സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും വ്യാജ ഇന്ത്യൻ ആധാർ കാർഡും കണ്ടെത്തി. നിർമാണ തൊഴിലാളികൾക്കിടയിൽ ഹെൽപറായി കൂടിയ പ്രണോയ് റോയ് ജോലി നേടാൻ വ്യാജ ആധാർ കാർഡാണ് ഹാജരാക്കിയത്.
അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്‌തിരുന്ന ബംഗ്ലാദേശ് പൗരന്മാരായ 27 പേർ അടുത്തിടെ പിടിയിലായിരുന്നു. ഇന്ത്യാ ബംഗ്ലാദേശ് അതിർത്തിയിലുള്ള പുഴയുടെ ആഴം കുറഞ്ഞ ഭാഗം തിരഞ്ഞെടുത്താണ് ഇവർ പുഴ കടക്കുന്നത്.
ബംഗ്ലാദേശിൽ നിന്ന് തന്നെ ഏജന്റുമാർ വഴി വ്യാജ ആധാർ രേഖകൾ ഉൾപ്പടെ ശരിയാക്കിയാണ് ഇവർ ഇന്ത്യയിലേക്ക് കടക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശികളെന്ന വ്യാജേനെ ഇവിടെ തങ്ങുകയായിരുന്നു.
അനധികൃതമായി രാജ്യത്ത് എത്തുന്ന ബംഗ്ലാദേശ് പൗരന്മാർ കേരളത്തിലേക്ക് വരാനാണ് താത്‌പര്യപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്. ബംഗ്ലാദേശിൽ ദിവസ വേതനം 300 രൂപ മാത്രമാണ്. കേരളത്തിൽ 1000 രൂപയാണ്.
കേരളത്തിലെത്തി പണം സമ്പാദിക്കുകയാണ് അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. എറണാകുളം ജില്ലയിൽ മാത്രം ഒന്നര ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് ഉള്ളത്. ഇവരെ മറയാക്കിയാണ് ബംഗ്ലാദേശികളും ഇവിടെ തങ്ങുന്നത്.
അനധികൃതമായി വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശ് സ്വദേശികളിൽ മിക്കവരും വോട്ടർ പട്ടികയിലുമുണ്ട്. സംഘടിത വോട്ടുബാങ്ക് ആയതിനാൽ രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ് പതിവ്.
വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം വരുന്നതോടെ പ്രാദേശികമായ രേഖകൾ അടക്കം സ്വീകരിക്കണമോയെന്ന് കമ്മീഷൻ ഉടൻ തീരുമാനിക്കും. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് ശ്രമമെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ 2002ലും, അസാമിലും തമിഴ്നാട്ടിലും 2005ലുമാണ് ഇതിനു മുൻപ് വോട്ടർ പട്ടിക വിശദമായി പുതുക്കിയത്. വോട്ടർ പട്ടികയിൽ അനധികൃതമായി കടന്നുകൂടിയ പൗരന്മാരല്ലാത്തവരെ ഒഴിവാക്കി പട്ടിക അടിമുടി പരിഷ്കരിക്കുന്ന പ്രക്രിയയാണിത്.
സാധാരണക്കാരായ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കാനാണ് കമ്മിഷൻ ശ്രമിക്കുന്നതെന്നാണ് എസ്ഐആറിനെ എതിർക്കുന്നവർ ആരോപിക്കുന്നത്. ഇതു ബിജെപിക്കു വേണ്ടിയുള്ള വെട്ടിനിരത്തലാണെന്നും ആരോപണമുണ്ട്.
ഒരു പോളിങ് ബൂത്തിലും വോട്ടർമാരുടെ എണ്ണം 1200ൽ കൂടരുത് എന്ന നയം കർശനമായി ഇത്തവണ നടപ്പാക്കും. 1200 വോട്ടർമാരിൽ കൂടുതലുണ്ടെങ്കിൽ പുതിയ സ്ഥിരം ബൂത്ത് തയാറാക്കും.
പശ്ചിമ ബംഗാളിൽ ഒരു കോടിയോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഇവരിൽ റോഹിംഗ്യൻ മുസ്ലീങ്ങൾ, ബംഗ്ലാദേശി മുസ്ലീം വോട്ടർമാർ, മരിച്ചവരുടെ പേരിൽ വ്യാജ വോട്ടർമാർ, ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ, വ്യാജ വോട്ടർമാർ എന്നിവരുണ്ടെന്നാണ് ആക്ഷേപം.
ഒരു കോടി വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ, വോട്ടർ പട്ടികയിലെ സമഗ്ര പരിഷ്കരണം നിർണായകമായേക്കും.