ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും.ചർച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ഡൽഹിയിൽ

ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

New Update
photos(301)

ന്യൂഡൽഹി: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. ചർച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ഡൽഹിയിലെത്തി. ഇന്ത്യയ്ക്കു മേൽ അമേരിക്ക 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടത്തുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.

Advertisment

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവച്ചിരുന്നു.

കഴിഞ്ഞയാഴ്ച, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെ സ്വാഗതം ചെയ്തിരുന്നു.

ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളിൽ അയവുണ്ടാകുന്നത്.

ഒക്ടോബർ - നവംബർ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കും. 

Advertisment