/sathyam/media/media_files/2025/09/18/irdai-2025-09-18-17-24-26.jpg)
ന്യൂഡൽഹി: രാജ്യത്തെ ഇൻഷൂറൻസ് സംബന്ധമായ കാര്യങ്ങൾക്ക് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ).
ബീമ സുഗം എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇൻഷുറൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ലഭ്യമാകും. ലൈഫ്, ഹെൽത്ത്, മോട്ടോർ ഇൻഷുറൻസ് തുടങ്ങി എല്ലാ പോളിസികളും ഉപഭോക്താക്കൾക്ക് ഇവിടെ താരതമ്യം ചെയ്യാനാവും.
പോളിസി എടുക്കുക മാത്രമല്ല, ക്ലെയിം സെറ്റിൽമെന്റും പോളിസി പുതുക്കലും ഈ പ്ലാറ്റ്‌ഫോം വഴി നടത്താൻ സാധിക്കും. തുടക്കത്തിൽ, ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന ഒരു ഹബ്ബായിരിക്കും വെബ്സൈറ്റ്.
ഇൻഷുറൻസ് കമ്പനികളും മറ്റ് പങ്കാളികളും തങ്ങളുടെ സിസ്റ്റം പൂർണ്ണമായി പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന മുറയ്ക്ക്, പോളിസി വാങ്ങൽ, ക്ലെയിം സമർപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഒരു രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് ആവശ്യങ്ങൾക്കും ഒറ്റ പ്ലാറ്റ്‌ഫോം എന്ന ആശയം ലോകത്ത് ആദ്യമാണ്.
ബീമ സുഗം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഉടൻ പ്രവർത്തനക്ഷമമാകില്ല. ഈ വർഷം ഡിസംബറോടെ പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ഉറപ്പാക്കിയും ഇൻഷുറൻസ് കമ്പനികളുമായി പൂർണ്ണമായി ബന്ധിപ്പിച്ചും ഘട്ടം ഘട്ടമായാവും പ്ലാറ്റ്‌ഫോം മുഴുവൻ പ്രവർത്തനക്ഷമമാക്കുക.
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഇൻഷുറൻസ് പോളിസികൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ഇൻഷുറൻസ് എടുക്കുന്ന പ്രക്രിയ ലളിതമാകും. ക്ലെയിം സമർപ്പിക്കുന്നതും പോളിസി പുതുക്കുന്നതും എളുപ്പത്തിൽ ചെയ്യാം.
ഇൻഷുറൻസ് പോളിസികളുടെ വിവരങ്ങൾ സുതാര്യമായി ലഭിക്കും. ഇൻഷുറൻസ് ഏജന്റുമാർക്കും കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരേ പ്ലാറ്റ്‌ഫോമിൽ ഒത്തുചേരാൻ സാധിക്കും.
സാധാരണക്കാർക്ക് ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ബീമ സുഗമിന്റെ ലക്ഷ്യം. സ്വകാര്യ ഇൻഷുറൻസ് വിതരണക്കാരിൽ നിന്ന് വ്യത്യസ്തമായി, ബീമ സുഗം ഉപഭോക്താക്കളിൽ നിന്ന് വളരെ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ക്ലെയിം സെറ്റിൽമെന്റ് പോലുള്ള സേവനങ്ങളും ബീമ സുഗം നൽകും.