/sathyam/media/media_files/2025/09/21/photos336-2025-09-21-12-28-45.jpg)
ന്യൂഡൽഹി: ജിഎസ്ടി നിരക്കുകൾ അടുത്തിടെ കുറച്ചതിന് പിന്നാലെ നെയ് മുതൽ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുൽ. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
നെയ്യ്, ചീസ്, പനീർ, ഫ്രോസൺ സ്നാക്സ്, ചീസ് ക്യൂബുകൾ, ചോക്ലേറ്റുകൾ എന്നിവയുൾപ്പെടെ 700ലധികം ഉൽപ്പന്ന പാക്കുകളുടെ വിലയാണ് അമുൽ കുറച്ചിരിക്കുന്നത്. ജിഎസ്ടി കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുകയാണെന്ന് അമുൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
36 ലക്ഷം കർഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ സ്ഥാപനമെന്ന നിലയിൽ ഈ നീക്കം ഉപഭോഗം വർധിപ്പിക്കുക മാത്രമല്ല, ഉപഭോക്താക്കളുടെ വരുമാനത്തിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യുമെന്ന് അമുൽ വിശ്വസിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
താഴ്ന്ന നിലയിലുള്ള ഇന്ത്യയിലെ പാൽ ഉൽപ്പന്ന ഉപഭോഗം വർധിപ്പിക്കുകയെന്നതാണ് വിലക്കുറവിന്റെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ജയൻ മേത്ത അഭിപ്രായപ്പെട്ടു.
ഈ പരിഷ്കരണം ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ലഭിക്കും. അതിനൊപ്പം കർഷകർക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെയ്യ് ലിറ്ററിന് 40 രൂപ വരെ കുറയും. 100 ഗ്രാം അമുൽ ബട്ടറിന് 62ൽ നിന്ന് 58 ആയി വില കുറച്ചു. ഒരു ലിറ്റർ നെയ്യ് 40 രൂപ കുറച്ച് 610 ആക്കി. അഞ്ച് ലിറ്റർ നെയ്യ് ടിന്നിന് 200 കുറഞ്ഞ് 3075 രൂപ ആയി.
എട്ട് പായ്ക്ക് ചീസ് ക്യൂബുകൾ 139 രൂപയിൽ നിന്ന് 130 ആയി കുറയും, 100 ഗ്രാം വെണ്ണ പായ്ക്ക് ഇപ്പോൾ 58 ആയി കുറയും. 500 ഗ്രാം ബട്ടർ പായ്ക്ക് 20 രൂപയായി കുറയും. ചീസ് ബ്ലോക്കിന്റെ (ഒരു കിലോ) വില കിലോയ്ക്ക് 30 രൂപ കുറച്ച് 545 രൂപയായി.