/sathyam/media/media_files/2025/08/17/election-commission-untitledzele-2025-08-17-14-22-56.jpg)
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സെപ്റ്റംബർ 30-നകം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന നടപ്പാക്കുന്നതിനുള്ള മുന്നോടിയായാണ് ഈ നടപടി.
വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ ആരംഭിച്ചേക്കുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ പറഞ്ഞു.
അടുത്ത 10 മുതൽ 15 ദിവസത്തിനുള്ളിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പിലാക്കാൻ തയ്യാറാകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥരോട് സെപ്റ്റംബർ ആദ്യവാരം ചേർന്ന യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടത്.
പിന്നീട്, കൂടുതൽ വ്യക്തതയ്ക്കായി, സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടുകയായിരുന്നു. അവസാനത്തെ തീവ്ര പുനഃപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികകൾ തയ്യാറാക്കി വെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
നിരവധി സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ അവസാനത്തെ തീവ്ര പുനഃപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികകൾ ഇതിനകം തന്നെ തങ്ങളുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ, ദേശീയ തലസ്ഥാനത്ത് അവസാനമായി തീവ്ര പുനഃപരിശോധന നടന്ന 2008-ലെ വോട്ടർ പട്ടിക ലഭ്യമാണ്. ഉത്തരാഖണ്ഡിൽ അവസാനമായി തീവ്ര പുനഃപരിശോധന നടന്നത് 2006-ലാണ്. ആ വർഷത്തെ വോട്ടർ പട്ടിക ഇപ്പോൾ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലുണ്ട്.