മുംബൈ ഭീകരാക്രമണത്തിന് പാകിസ്താനോട് പ്രതികാരം ചെയ്യാതിരുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദത്തെ തുടർന്ന്: പി.ചിദംബരം

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണമാണ് സൈനിക നടപടി വേണ്ടെന്ന് യുപിഎ സർക്കാർ തീരുമാനിച്ചതെന്ന് ചിദംബരം പറഞ്ഞു.

New Update
photos(409)

 ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് പാകിസ്താനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദം കാരണമാണെന്ന് മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. 

Advertisment

പ്രതികാരം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണമാണ് സൈനിക നടപടി വേണ്ടെന്ന് യുപിഎ സർക്കാർ തീരുമാനിച്ചതെന്ന് ചിദംബരം പറഞ്ഞു.


യുദ്ധം ആരംഭിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് വന്നുവെന്ന് 'എബിപി ന്യൂസിന്' നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. 


അന്ന് താൻ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസമായിട്ടേ ഉണ്ടായിരുന്നുള്ളൂ. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് ഡൽഹിയിലെത്തി തന്നെയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കണ്ടു. 

'ദയവായി പ്രതികരിക്കരുത്' എന്നായിരുന്നു അവരുട അഭ്യർഥന. എന്നാൽ സർക്കാറാണ് തീരുമാനമെടുക്കുക എന്നായിരുന്നു തന്റെ മറുപടി.


ആക്രമണം നടന്നുകൊണ്ടിരിക്കുമ്പോൾ പോലും പ്രധാനമന്ത്രി പ്രതികാര നടപടി ചർച്ച ചെയ്തിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐഎഫ്എസ് ഉദ്യോഗസ്ഥരുടെയും ശക്തമായ നിലപാട് ആക്രമണം വേണ്ട എന്നായിരുന്നുവെന്നും ചിദംബരം പറഞ്ഞു.


2008 നവംബർ 26നാണ് മുംബൈയിൽ ഭീകരാക്രമണം ഉണ്ടായത്. ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ, ഒബ്‌റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾ കഫേ, കാമ ആശുപത്രി, നരിമാൻ ഹൗസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. 

ഏതാണ്ട് 60 മണിക്കൂർ നീണ്ട സൈനിക നടപടിക്ക് ശേഷമാണ് ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചുപിടിച്ചത്. 22 വിദേശികളടക്കം 175 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

327 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈ പൊലീസ് പിടികൂടിയ പാക് ഭീകരൻ അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റി.

Advertisment