/sathyam/media/media_files/2025/10/01/photos87-2025-10-01-21-32-39.png)
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ 14 ശതമാനം വര്‍ധനവാണ് 2023 ല്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 15,000-ത്തിലധികം കേസുകള്‍ ആണ് രാജ്യത്ത് സ്ത്രീധനവുമായി രജിസ്റ്റര്‍ ചെയ്തത്.
6,100-ലധികം മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നു.
സ്ത്രീധന നിരോധന നിയമപ്രകാരം 15,489 കേസുകള്‍കളാണ് 2023 ല്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാല്‍ 14 ശതമാനം വര്‍ധന.
ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കേസുകള്‍. 7,151 കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബിഹാര്‍ (3,665), കര്‍ണാടക (2,322) സംസ്ഥാനങ്ങളാണ് തൊട്ട് പിന്നില്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 6,156 പേര്‍ ഈ വര്‍ഷം മരിക്കുകയും ചെയ്തു.
833 സംഭവങ്ങള്‍ കൊലപാതകങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനം തിരിച്ചുള്ള കണക്കുകളില്‍ മരണങ്ങളിലും ഉത്തര്‍ പ്രദേശാണ് മുന്നില്‍. 1,143 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ സംഭവങ്ങളിലായി സ്ത്രീധന നിരോധന നിയമപ്രകാരം 27,154 അറസ്റ്റുകളാണ് രാജ്യത്തുണ്ടായത്. ഇതില്‍ പേര്‍ 22,316 പുരുഷന്മാരും 4,838 സ്ത്രീകളും ഉള്‍പ്പെടുന്നു.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യയിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും എന്‍സിആര്‍ബി കണക്കുകള്‍ പറയുന്നു.
രാജ്യത്തെ വിദ്യാര്‍ഥി ആത്മഹത്യാ നിരക്കില്‍ 65 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. 2013-ല്‍ 8,423 ആയിരുന്ന വിദ്യാര്‍ഥി ആത്മഹത്യകളുടെ എണ്ണം 2023-ല്‍ 13,892 ആയി ഉയര്‍ന്നു. 65 ശതമാനത്തോളം വര്‍ധയാണ് ഇക്കാലയളവിലുണ്ടായിരിക്കുന്നത്.