/sathyam/media/media_files/2025/08/17/election-commission-untitledzele-2025-08-17-15-29-52.jpg)
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്ക് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
രണ്ടുദിവസമായി ബിഹാറലെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനിൽ 1200 വോട്ടർമാരെ മാത്രമേ അനുവദിക്കൂ.
ബൂത്ത് തല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും ബിഹാറിലെ വോട്ടർ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. നവംബർ 10നായിരുന്നു ഫലപ്രഖ്യാപനം. ഇക്കുറി അധികാരത്തുടർച്ചയുണ്ടാകുമെന്ന് എൻഡിഎ പറയുമ്പോൾ ബിഹാറിലെ നിതീഷ് യുഗത്തിന് അന്ത്യമാകമെന്നാണ് ആർജെഡി കോൺഗ്രസ് സഖ്യത്തിന്റെ അവകാശവാദം.
ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.