/sathyam/media/media_files/2025/10/13/vijay-supream-court-2025-10-13-22-51-47.png)
ന്യുഡൽഹി: കരൂർ ദുരന്തത്തിലെ ജുഡീഷ്യൽ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. രേഖകൾ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിലാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം റദ്ദ് ചെയ്യണം എന്നു പറയുന്നത്.
തമിഴ്‌നാട് പൊലീസിന്റെ ഭാഗമായുള്ള അന്വേഷണം നിഷ്പക്ഷമെന്ന് കരുതാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ്‌യുടെ പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി വി കെയുടെ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
സിബിഐ അന്വേഷണത്തിൽ സുപ്രിംകോടതിയുടെ മേൽനോട്ടമുണ്ടാകും. റിട്ട.ജസ്റ്റിസ് അജയ് രസ്തോഗിയ്ക്കാണ് മേൽനോട്ട ചുമതല. രസ്തോഗിക്ക് പുറമേ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും മേൽനോട്ട സമിതിയിലുണ്ട്.
ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എന്‍.വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തത്തില്‍ മരിച്ച കുട്ടിയുടെ പിതാവും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സനുജ് എന്ന 13കാരന്റെ പിതാവാണ് സുപ്രിംകോടതിയെ സമീപിച്ചത്.
സെപ്തംബർ 27ന് രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം അരങ്ങേറിയത്. 27000 പേരായിരുന്നു തിരക്കേറിയ റോഡിൽ വിജയ്‌യുടെ റാലിക്കെത്തിയത്. റാലിയിലേക്ക് വിജയ് 7 മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞിരുന്നു.