/sathyam/media/media_files/2025/10/14/images-1280-x-960-px334-2025-10-14-18-49-58.jpg)
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇ-മെയിൽ ഐഡികളും സോഹോയിലേക്ക് മാറ്റുന്നു. ഇത്തരത്തിൽ 12 ലക്ഷം ജീവനക്കാരുടെ മെയിലുകൾ സോഹോയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മെയിലുകളാണ് മാറ്റിയത്.
ഇ-മെയിൽ വിലാസങ്ങൾ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ(എന്‍ഐസി) അധിഷ്ഠിത സിസ്റ്റത്തിൽ നിന്ന് സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതായി ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023 ഫെബ്രുവരി 21ന്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ, നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ പ്രോജക്ടുകൾ കൈകാര്യം ചെയ്യാന്‍ സ്വകാര്യ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.
സർക്കാർ ജീവനക്കാരുടെ ഇ-മെയിലുകൾ എൻഐസിയിൽ നിന്ന് മാറ്റുന്നതും ടെൻഡറിന്റ ഭാഗാമയിരുന്നു. ഇതിലേക്കാണ് സോഹ വരുന്നത്. ജിമെയിലിന് പകരമായാണ് സോഹോ വരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഔദ്യോഗിക ഇ-മെയിൽ പ്ലാറ്റ്‌ഫോം സോഹോ മെയിലിലേക്ക് മാറ്റിയതായി ഈ മാസം പ്രഖ്യാപിച്ചിരുന്നു.
ഭാവിയിലുള്ള കത്തിടപാടുകൾക്കായി amitshah.bjp@zohomail.in എന്ന പുതിയ വിലാസം ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
പിന്നാലെ മറ്റുമന്ത്രിമാരും സോഹോ മെയിലിലേക്ക് മാറുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷന്റെ ഉൽപ്പന്നമാണ് സോഹോ മെയിൽ.
സോഹോ മെയിൽ ഒരു ബിസിനസ്-കേന്ദ്രീകൃത ഇ-മെയിൽ പ്ലാറ്റ്‌ഫോം ആയതുകൊണ്ടുതന്നെ, ഡാറ്റാ സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും അവർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.