/sathyam/media/media_files/2025/01/23/2qhhyuLYfdUB6pAR1Emv.jpg)
ഡൽഹി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഭാര്യയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. സേവന്തി കുമാരി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ ഒൻപതിനാണ് സേവന്തി മരിച്ചത്. റോഡപകടത്തിൽ മരിച്ചെന്നായിരുന്നു മുകേഷ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ സേവന്തിയുടെ പിതാവ് മഹാവീർ മേത്തയ്ക്ക് ഇക്കാര്യത്തിൽ സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്ന് മാസം മുൻപ് സേവന്തിയുടെ പേരിൽ മുകേഷ് 15 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ എടുത്തിരുന്നു. ഇക്കാര്യം മഹാവീർ മേത്ത പൊലീസിനോട് പറഞ്ഞിരുന്നു.
മഹാവീർ മേത്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സേവന്തിയുടെ മൃതദേഹത്തിൽ വളരെ കുറച്ച് ചതവുകൾ മാത്രമേ ഉള്ളൂവെന്നും, റോഡപകടത്തിൽ സംഭവിക്കുന്ന പരിക്കല്ലെന്നും വൈദ്യ പരിശോധനയിൽ വ്യക്തമായി.
ഇതോടെ മുകേഷിനെതിരെ സംശയം ബലപ്പെട്ടു. തുടർന്ന് ചോദ്യം ചെയ്യലിലാണ് ഇൻഷുറൻസ് തുക നേടാൻ വേണ്ടി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മുകേഷ് സമ്മതിച്ചത്. ഭാര്യയെ വധിച്ച ശേഷമാണ് ഒരു കൃത്രിമ അപകട പ്രതീതി ഉണ്ടാക്കി മുകേഷ് കഥ മെനഞ്ഞത്.
ഭാര്യയുടെ ശവസംസ്കാര ചടങ്ങിൽ മുകേഷ് പങ്കെടുക്കാതിരുന്നതും ഇദ്ദേഹത്തിലെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസിൽ നിർണായകമായി. മുകേഷിനെ അറസ്റ്റ് ചെയ്ത് പ്രാദേശിക കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.