/sathyam/media/media_files/2025/10/17/untitled-design36-2025-10-17-07-31-33.jpg)
ഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരിച്ച സർക്കാർ വൃത്തങ്ങൾ.
എണ്ണ ഇറക്കുമതിയിൽ ഒരു മാറ്റവും തല്‍ക്കാലം ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബറിൽ ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെക്കാൾ കൂടുലാണ് എന്നാണ് കണക്കുകൾ.
അതേസമയം, വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ യുഎസിലെത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുന്നത് കരാറിന് ഉപാധിയാക്കാനാവില്ലെന്നാണ് സംഘം അറിയിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്താമെന്ന് നരേന്ദ്രമോദി സമ്മതിച്ചെന്ന ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.
ട്രംപിനെ മോദി ഭയക്കുകയാണെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ട്രംപിൻ്റെ അവകാശവാദം പരോക്ഷമായി തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്നലെ രണ്ട് നേതാക്കൾക്കുമിടയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കുമെന്നും ഇത്തിരി സമയം കൂടി ഇതിനെടുക്കുമെന്നും ഇന്ത്യ അറിയിച്ചു എന്നായിരുന്നു ട്രംപിൻ്റെ വാദം.
നരേന്ദ്ര മോദി തന്നെ ഇക്കാര്യം അറിയിച്ചു എന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി നിയമിച്ച സെർജിയോ ഗോറിൻ്റെ സാന്നിധ്യത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഇത് വിദേശകാര്യമന്ത്രാലയം ട്രംപിൻ്റെ വാദം നിഷേധിച്ച് രംഗത്തെത്തി.
എവിടെ നിന്ന് എണ്ണ വാങ്ങുന്നു എന്നത് ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് തീരുമാനിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.