/sathyam/media/media_files/2025/07/23/untitledunammsupreme-court-2025-07-23-09-10-49.jpg)
ന്യൂഡൽഹി: സാധാരണ നടപടിക്രമമെന്ന നിലയിൽ സി.ബി.ഐ. അന്വേഷണത്തിന് കോടതികൾ ഉത്തരവിടരുത്. അസാധാരണവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളിൽ മാത്രം ആ അധികാരം ഉപയോഗിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശിൽ, നിയമസഭാ കൗൺസിൽ ജീവനക്കാരുടെ നിയമനത്തിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെ ചോദ്യം ചെയ്ത് യു.പി. സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചിലർ കുറ്റപ്പെടുത്തുന്നതുകൊണ്ടോ അല്ലെങ്കിൽ സംസ്ഥാന പോലീസിൽ ഒരു വിഭാഗത്തിന് വിശ്വാസമില്ലാത്തതുകൊണ്ടോ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടരുത്.
അസാധാരണവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ആ അധികാരം ഉപയോഗിക്കാവൂ.
കുറ്റകൃത്യങ്ങൾ നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം അത്യാവശ്യമാണെന്നും കോടതികൾക്ക് തോന്നുന്നുവെങ്കിൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ്.
കൂടാതെ, കേസുകളുടെ സങ്കീർണ്ണത, ദേശീയ തലത്തിലുള്ള അതിന്റെ സ്വാധീനം, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സ്വാധീനമുള്ളവർ എന്നിവ ഉൾപ്പെടുമ്പോൾ, സംസ്ഥാന പോലീസിൽ സംശയം ഉണ്ടാകുന്ന സാഹചര്യങ്ങളിലും സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടാമെന്ന് കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് സർക്കാരിനെതിരായ കേസിൽ, സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.