/sathyam/media/media_files/2025/10/21/ins-vikrant-2025-10-21-16-56-50.jpg)
ഡൽഹി: പേരുകേട്ടാൽ ശത്രുക്കൾ ഭയന്നു വിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയുടെയും പ്രതീകമാണ്.
കൊച്ചിൻ ഷിപ്പ്‍യാർഡിൽ നിർമ്മിച്ച വിക്രാന്ത് മൂന്നുവർഷം മുൻപാണ് സേനയുടെ ഭാഗമായത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ വിറപ്പിച്ച വിക്രാന്ത്, പാക് അതിർത്തിയിൽ തമ്പടിച്ച് കറാച്ചി ലക്ഷ്യമിട്ടിരുന്നതാണ് സൂചന. തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച കൂറ്റൻ പടക്കപ്പൽ ശത്രുരാജ്യങ്ങൾക്കെല്ലാം ഭീതി വിതയ്ക്കുന്നതാണ്.
രാജ്യരക്ഷയ്ക്ക് കടലിൽ കാവലായി വിക്രാന്ത് ഉണ്ടെന്നത് സേനയ്ക്കാകെ അഭിമാനം പകരുന്നതാണ്. സമുദ്രമേഖലയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ് വിക്രാന്ത്.
20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം കപ്പലിലുണ്ട്. യുദ്ധവിമാനങ്ങൾ പറന്നുയരാൻ 2 റൺവേകളും ഇറങ്ങാൻ ഒരെണ്ണവുമുണ്ട്.
23,500 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. സ്വാതന്ത്ര്യാനന്തരമുള്ള 75 വർഷത്തിനിടെ 3 വിമാനവാഹിനികൾ മാത്രമേ ഇന്ത്യയ്ക്ക് സ്വന്തമാക്കാനായിട്ടുള്ളൂ. ആദ്യ വിമാനവാഹിനിയായിരുന്ന ഐഎൻഎസ് വിക്രാന്ത് ബ്രിട്ടനിൽനിന്നു വാങ്ങിയ എച്ച്എംഎസ് ഹെർക്കുലിസ് പേരുമാറ്റിയതാണ്. ഇപ്പോഴത്തെ വിക്രാന്തിന്റെ മുൻഗാമിയാണിത്.
ഐഎൻഎസ് വിരാടാണ് മറ്റൊരു വിമാനവാഹിനി. രാജ്യത്തെ സമുദ്ര സാഹചര്യങ്ങളും സേനയുടെ ആവശ്യങ്ങളും അറിഞ്ഞ് കൊച്ചിയിൽ നിർമ്മിച്ച പുതിയ ഐ.എൻ.എസ് വിക്രാന്തിൽ അത്യാധുനിക ആയുധങ്ങൾ വഹിക്കാനാവും.
കടലിൽ ഒഴുകുന്ന ചെറുനഗരമെന്ന് വിശേഷണമുള്ള വിക്രാന്തിൽ 14 ഡെക്കുകൾ, 3 റൺവേകൾ, ക്രൂവിനു താമസിക്കാൻ 2300 കംപാർട്മെന്റുകൾ എന്നിവയുണ്ട്.
റഷ്യയിൽ നിന്നു വാങ്ങി പരിഷ്കരിച്ചെടുത്ത ഐഎൻഎസ് വിക്രമാദിത്യയും സേനയുടെ ഭാഗമാണ്. രണ്ട് വിമാനവാഹിനികളില്‍ ഒരെണ്ണം അറബിക്കടലിലും മറ്റേത് ബംഗാൾ ഉൾക്കടലിലും തെക്കൻ സമുദ്രത്തിലും എന്ന രീതിയിലാണ് വിന്യസിക്കാറുള്ളത്.
കൊച്ചിൻ കപ്പൽ ശാലയിൽ നിർമ്മിച്ച് 2022 സെപ്‌തംബറിൽ കമ്മിഷൻ ചെയ്‌ത വിക്രാന്തിൽ മിഗ് യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകൾ അതായത് 40 വിമാനങ്ങൾ വഹിക്കും. 10 ക്മോവ് കെ-31 ഹെലികോപ്റ്ററുകളും ആകാശത്തെ ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള 64 ബരാക് മിസൈലുകളും വിന്ന്യസിച്ചിരിക്കുന്നു.
262 മീറ്റർ നീളവും 59 മീറ്റർ വീതിയുമുണ്ട്. 30 നോട്ടിക്കൽ മൈൽ വേഗതയാണ് വിക്രാന്തിന്. 1500 കിലോമീറ്റർ പരിധിയിലുള്ള ശത്രു ലക്ഷ്യങ്ങൾ പ്രഹരിക്കാൻ ശേഷിയുണ്ട്. 7,500 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും ഉണ്ട്. 40,000 ടൺ ആണു ഭാരവാഹക ശേഷി.
ലോകത്തെ ഏറ്റവും മികച്ച 10 വിമാനവാഹിനിക്കപ്പലുകളിൽ ഒന്ന് എന്ന ഖ്യാതിയുമുണ്ട്. യുദ്ധവിമാനം, ഹെലികോപ്റ്റർ, കപ്പൽവേധ മിസൈൽ, ബാലിസ്റ്റിക് മിസൈൽ, ക്രൂസ് മിസൈൽ തുടങ്ങി ആകാശത്തു നിന്നുള്ള ഏതാക്രമണത്തെയും തടയാൻ പര്യാപ്തമാണ് വിക്രാന്ത്. വിമാനവേധ മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണമുൾപ്പെടെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാനുള്ള സംവിധാനവുമുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനിടെ കാർവാറിൽ നിന്ന് വിക്രാന്ത് പാക് അതിർത്തിയിലേക്ക് നീങ്ങിയിരുന്നു. കറാച്ചി നഗരം ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന.
യുദ്ധക്കപ്പലുകളും മിസൈൽ ബോട്ടുകളും അന്തർവാഹിനികളുമടങ്ങുന്ന സൈനിക വിന്യാസം പാക് നാവിക സേനയുടെ ആകെ ശേഷിയെ മറികടക്കുന്നതായിരുന്നു. വിക്രാന്ത് അടക്കം വിന്യസിക്കപ്പെട്ടതോടെ പാക് നാവികസേന ഇന്ത്യയിലേക്ക് ആക്രമണത്തിന് മുതിർന്നില്ല.
രാത്രിയും പകലും വിമാനങ്ങളിറങ്ങുന്ന സുസജ്ജമായ ആയുധത്താവളമായ വിക്രാന്തിനെ പാക് സൈന്യത്തിന് പ്രതിരോധിക്കാൻ കഴിയുമായിരുന്നില്ല. കപ്പലിന് 14 നില കെട്ടിടത്തിന്റെ ഉയരമുണ്ട്. ഇതിനുള്ളിൽ ഒരു ആശുപത്രി, നീന്തൽക്കുളം, ആധുനിക അടുക്കള എന്നിവയടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്.
ഇത് തുറമുഖത്തേക്ക് മടങ്ങാതെ 45 ദിവസം വരെ കടലിൽ സ്വയം സുസ്ഥിരമായ ഒരു യുദ്ധത്താവളമായി പ്രവർത്തിക്കാൻ വിക്രാന്തിനെ പ്രാപ്തമാക്കുന്നു. ഇതാണ് ശത്രുരാജ്യങ്ങൾക്ക് ഭീതിയുണ്ടാക്കുന്നത്. എന്തായാലും വിമാനവാഹിനി കപ്പലുകളില്ലാത്ത പാകിസ്ഥാന് വിക്രാന്ത് എന്ന പേര് ഞെട്ടലുണ്ടാക്കുമെന്നതിൽ തർക്കമില്ല.