'അഞ്ച് വർഷം കഴിഞ്ഞു, എന്തെങ്കിലും പുറത്തു കൊണ്ടുവരാൻ കഴിയുമോയെന്ന് നോക്കൂ'. ഡൽഹി കലാപക്കേസിൽ പൊലീസിനോട് സുപ്രിം കോടതി

ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് കേസ് മാറ്റിവെച്ചത്.

New Update
SUPREME COURT

ഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷർജീൽ ഇമാം, ഉമർ ഖാലിദ്, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫാ ഉർ റഹ്‌മാൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രിം കോടതി ഒക്ടോബർ 31ലേക്ക് മാറ്റി. 

Advertisment

ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് കേസ് മാറ്റിവെച്ചത്.

എന്നാൽ പൊലീസിന് മറുപടി നൽകാൻ മതിയായ അവസരം ഇതിനകം നൽകിയിട്ടുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 'നിങ്ങൾ ആദ്യമായി ഹാജരാകുന്നതാകാം പക്ഷേ ഇതിനകം തന്നെ മതിയായ സമയം അനുവദിച്ചിട്ടുണ്ട്.' കോടതി പറഞ്ഞു. 

'തുറന്നു പറഞ്ഞാൽ, ജാമ്യാപേക്ഷകളിൽ എതിർവാദം ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ചോദ്യം പോലുമില്ല.' ബെഞ്ച് കൂട്ടിച്ചേർത്തു. 'അഞ്ച് വർഷം കഴിഞ്ഞു, എന്തെങ്കിലും പുറത്തു കൊണ്ടുവരാൻ കഴിയുമോ എന്ന് നോക്കൂ.' ഡൽഹി പൊലീസിനോട് കോടതി പറഞ്ഞു.

സെപ്റ്റംബർ 2ലെ ഉത്തരവിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെ ഒമ്പത് പേർക്ക് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ്, ഷാർജീൽ ഇമാം ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ)യും മുൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയാണ് കേസെടുത്തത്. 

Advertisment