കെപിസിസി നേതാക്കളുടെ യോഗത്തിൽ സണ്ണി ജോസഫിന് രൂക്ഷവിമർശനം. നേതൃപാടവമില്ലെന്നും അധ്യക്ഷസ്ഥാനത്ത് പരാജയമെന്നും പരാതി. പുനഃസംഘടനയിൽ അനർഹർ കടന്നു കൂടിയതിനെതിരെ വിമർശിച്ച് രാഹുൽ ഗാന്ധി. നവംബർ 1 മുതൽ തദ്ദേശതിരഞ്ഞെടുപ്പിന് ഒരുങ്ങാനും നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പദ്ധതിയുമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും. നേതാക്കൾക്കിടയിലുള്ള ഭിന്നതകൾ അവസാനിപ്പിക്കണമെന്നും എഐസിസി

സംസ്ഥാനത്തെ ചില നേതാക്കളുടെ പാവയായി സണ്ണി ജോസഫ് മാറിയെന്നും എല്ലാവരുമായും കൂടിയാലോചന നടത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നുമാണ് വിമർശനത്തിന്റെ കാതൽ. 

New Update
vd satheesan rahul gandhi sunny joseph
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: എ.ഐ.സി.സി നേതൃത്വം വിളിച്ചുകൂട്ടിയ കെപിസിസി നേതാക്കളുടെ യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. 

Advertisment

കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ സണ്ണി ജോസഫിന് നേതൃപാടവുമില്ലെന്ന വിമർശനമാണ് ഉയർന്നത്. പുനസംഘടന സംബന്ധിച്ച ഗ്രൂപ്പ് നേതാക്കൾ നൽകിയ പട്ടിക അതേപടി അംഗീകരിച്ചുവെന്നും അർഹതപ്പെട്ടവർ ഇപ്പോഴും പുറത്ത് നിൽക്കുകയാണെന്നും വിമർശനമുയർന്നു. 


സംസ്ഥാനത്തെ ചില നേതാക്കളുടെ പാവയായി സണ്ണി ജോസഫ് മാറിയെന്നും എല്ലാവരുമായും കൂടിയാലോചന നടത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നുമാണ് വിമർശനത്തിന്റെ കാതൽ. 

താഴെത്തട്ടിലുള്ള നേതാക്കൾക്ക് ഊർജ്ജം നൽകുന്ന ഒരു നടപടിയും കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കെപിസിസി പുനഃസംഘടനയിൽ അനർഹർ കടന്നുകൂടിയതിനെതിരെ രാഹുൽഗാന്ധി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത് എന്നും വിവരം ലഭിച്ചിട്ടുണ്ട്. 


പാർലമെൻററി രംഗത്തും സംഘടനാതലത്തിലും ഒരു കഴിവും ഇല്ലാത്തവരെ എന്തിനാണ് ജനറൽ സെക്രട്ടറി പദവിയിൽ അവരോധിച്ചതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പൊതുസമൂഹത്തിൽ സ്വീകാര്യതയുള്ള നേതാക്കൾക്കും പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്കുമാണ് പദവി നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പാടവം ഇല്ലാത്തവരെ കുത്തിനിറച്ച് എണ്ണം കൂട്ടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.


യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പദ്ധതി അവതരിപ്പിച്ചു. ചെറിയ മാറ്റങ്ങളോടെ എ.ഐ.സി.സി നേതൃത്വം ഇത് അംഗീകരിക്കുകയും ചെയ്തു. 

നവംബർ ഒന്നു മുതൽ തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തീവ്ര പ്രചാരണം ആരംഭിക്കാൻ എ.ഐ.സി.സി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള നിർദ്ദേശവും എ.ഐ.സി.സി നൽകിയിട്ടുണ്ട്.

Advertisment