/sathyam/media/media_files/2025/10/31/1001369734-2025-10-31-10-24-51.jpg)
ഡൽഹി: ഇന്ത്യയ്ക്കെതിരേ ഭൂമിയിലും കടലിലും നടക്കുന്ന ഏത് നീക്കങ്ങളും മിന്നൽ വേഗത്തിൽ കണ്ടെത്താനുള്ള ഇന്ത്യയുടെ ചാരക്കണ്ണ് വിക്ഷേപണത്തിന് സജ്ജമായി.
വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 7 ആർ.എന്ന കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 (സി.എം.എസ്.03) ഞായറാഴ്ച വിക്ഷേപിക്കുന്നത് പൂർണമായും സൈനിക ആവശ്യങ്ങൾക്കായാണ്.
സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് കര, വ്യോമ, നാവിക സേനകൾക്ക് ആവശ്യമായ വിവരങ്ങൾ ഞൊടിയിടയിൽ നൽകാനുള്ളതാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യസുരക്ഷയ്ക്കെതിരായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും മുൻകൂട്ടി അറിയാനും ഉദ്ദേശിച്ചുള്ള നടപടികളുടെ ഭാഗമാണിത്.
ഇന്ത്യൻ ഉപഭൂഖണ്ഡവും അതിന് ചുറ്റുമുള്ള സമുദ്രഭാഗങ്ങളുമാണ് സി.എം.എസ് 03യുടെ പരിധി.
ഏഴുവർഷമാണ് കാലാവധി. അതായത് ഇന്ത്യയ്ക്കെതിരേ അയൽരാജ്യങ്ങളുടെ നീക്കങ്ങളെല്ലാം തൽസമയം മണത്തറിഞ്ഞ് സേനകൾക്ക് കൈമാറാൻ ഈ ഉപഗ്രഹത്തിന് കഴിയും.
ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് സി.എം.എസ്.03 ഉപഗ്രഹം തയാറാക്കിയത്.
പ്രധാനമായും നാവികസേനയുടെ ആവശ്യത്തിനായാണ് ഉപഗ്രഹം സജ്ജമാക്കിയെങ്കിലും മറ്റ് സേനകൾക്കും വിവരങ്ങൾ ലഭിക്കും.
ജി.സാറ്റ് 7നെ അപേക്ഷിച്ച് അത്യാധുനിക സജ്ജീകരണങ്ങളാണ് സി.എം.എസ്.03യിലുള്ളത്.
അതീവ ശേഷിയുള്ള ഡാറ്റാ കൈമാറ്റ ശേഷിയാണ് സി.എം.എസ്-3ന്റെ പ്രത്യേതക.
ഇതിലെ ട്രാൻസ്പോണ്ടറുകൾ ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും കൈമാറാൻ ശേഷിയുള്ളതാണ്.
ഉപഗ്രഹ വിവരങ്ങൾ ലഭിക്കുന്നതോടെ നാവികസേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൂക്ഷ്മത കൈവരും.
നാവിക സേനയുടെ വിവിധ കമാൻഡ് സെന്ററുകളിലേക്കും വിമാനവാഹനി കപ്പലുകളിലേക്കും പടക്കപ്പലുകളിലേക്കും തൽസമയം വിവരങ്ങൾ കൈമാറാൻ ഉപഗ്രഹത്തിന് കഴിയും.
കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനകളും അടക്കം ഇന്ത്യൻ യുദ്ധസന്നാഹങ്ങളുടെ ഏകോപനത്തിൽ ഈ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ നിർണായകമായിരിക്കും.
വ്യോമസേന, നാവികസേന, കരസേന എന്നിവ തമ്മിലുള്ള ഏകോപനത്തിനും ഇത് വഴിയൊരുക്കും.
പാകിസ്ഥാനെയും ചൈനയെയുമൊക്കെ നിരീക്ഷിക്കാൻ വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഇനിമുതൽ ഒഴിവാകും.
പ്രതിരോധ വാർത്താവിനിമയത്തിന് ഇന്ത്യയുടെ സ്വന്തം സംവിധാനം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
സൈനിക ആവശ്യങ്ങൾക്ക് പുറമെ ദുരന്ത നിവാരണ ആവശ്യങ്ങൾക്കും കടലിലെ രക്ഷാദൗത്യം അടക്കം മാരിടൈം സേവനങ്ങൾക്കും ഈ ഉപഗ്രഹത്തിൽ നിന്ന് വിവരങ്ങൾ കൈമാറും.
കാർഗിൽ യുദ്ധത്തിലടക്കം പാകിസ്ഥാന്റെ നീക്കങ്ങൾ അറിയാൻ അമേരിക്കയുടെ ഉപഗ്രഹ വിവരങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്.
എന്നാൽ ഇത് യഥാസമയം ലഭ്യമാകാത്ത സ്ഥിതി പോലുമുണ്ടായി. ഇതേത്തുടർന്നാണ് ഇന്ത്യ ആദ്യമായി പ്രതിരോധ വിവരശേഖരണത്തിന് ഉപഗ്രഹം വിക്ഷേപിച്ചത്.
ഇപ്പോൾ അതിന്റെ പുതിയ പതിപ്പ് വിക്ഷേപിച്ച് രഹസ്യവിവര ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുകയാണ്. നവംബർ 2ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് 4.4ടൺ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എൽ.വി.എം.3 റോക്കറ്റിലാണ് വിക്ഷേപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us