/sathyam/media/media_files/2025/11/09/img3-2025-11-09-10-05-57.jpg)
ന്യൂഡല്‍ഹി: ആറ്റംബോബ് പൊട്ടിയില്ല. പകരം നനഞ്ഞ പടക്കം പോലെ ചീറ്റിപോയി.. കോണ്‍ഗ്രസിന്റെ വോട്ട് ചോരി ആരോപണങ്ങള്‍ക്കു 24 മണിക്കൂറുകള്‍ കഴിയും മുന്‍പേ മുനയൊടിയുന്ന കാഴ്ചയാണുള്ളത്.
എന്നാല്‍, ആ വലിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നത്, ഹരിയാനയിലെ ചില വ്യാജ വോട്ടര്‍മാരുടെയും, ഒരേ ഫോട്ടോ ആവര്‍ത്തിച്ചു വന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ 'ക്ലറിക്കല്‍ എറര്‍' എന്ന ഒറ്റവാക്കില്‍ പ്രതിരോധിച്ചതോടെ, പ്രതിപക്ഷത്തിന്റെ 'വന്‍ ഗൂഢാലോചന' എന്ന ആരോപണം കാര്യ നിര്‍വഹണത്തിലെ നിസാരമായ വീഴ്ച എന്ന നിലയിലേക്കു ചുരുങ്ങി.
ഈ പ്രഹസനം, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധപ്പുരയില്‍ മൂര്‍ച്ചയുള്ള വെളിച്ചമില്ലെന്നു കോണ്‍ഗ്രസ് തന്നെ പറയുന്നത് പോലെയായി നിലവിലെ കാര്യങ്ങള്‍.
കോണ്‍ഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടത് തിരിച്ചടിയായി എന്നാണ് പൊതവേ വിലയിരുത്തപ്പെടുന്നത്. 'വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്' എന്ന മുദ്രാവാക്യം മുഴക്കി, ഭരണകൂടത്തിന് നേരെയും തെരഞ്ഞെടുപ്പ് കമ്മീഷന് നേരെയും തൊടുത്ത 'ബോംബ്', ലക്ഷ്യത്തിലെത്തും മുന്‍പേ നിരാശാജനകമായി ചീറ്റിപ്പോവുകയായിരുന്നു.
പ്രതിപക്ഷം ഇപ്പോഴും രാഷ്ട്രീയ പക്വതയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടില്ല. ഈ ശൂന്യതയില്‍, എന്‍ഡിഎയുടെ അധികാരത്തുടര്‍ച്ച എന്നത് കേവലം സാധ്യതയല്ല, മറിച്ച് ഉറപ്പായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങളെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
നിയമപരമായ നടപടികളോട് പ്രതിപക്ഷം കാണിച്ച വിമുഖതയാണ് വോട്ട് ചോരി കാമ്പയിന്റെ വിശ്വാസ്യതയെ അടിമുടി തകര്‍ത്തത്.
'ഏറ്റവും വലിയ തെളിവുകള്‍ കൈവശമുണ്ട്' എന്ന് ആവര്‍ത്തിച്ച് പത്രസമ്മേളനങ്ങളില്‍ മുഴക്കിയ രാഹുല്‍ ഗാന്ധി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും നിയമപരമായ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറായില്ല.
വിഷയം മാധ്യമ ചര്‍ച്ചാവിഷയമായപ്പോള്‍, സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നടത്തിയ നിരീക്ഷണം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു.
'തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി, എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മടിക്കുന്നത്? തെളിവുകള്‍ കൈവശമുണ്ടെങ്കില്‍, കോടതിയെ സമീപിക്കാനോ, ഔദ്യോഗികമായി പരാതി നല്‍കാനോ പ്രതിപക്ഷം തയ്യാറാകണം.
മാധ്യമ ശ്രദ്ധ നേടാനുള്ള വെറും ഒരു 'രാഷ്ട്രീയ തന്ത്രം' മാത്രമാണിത്.'മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
പ്രതിപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടിയായ മറ്റൊരു ഘടകം, ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണ്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ നിയമപ്രകാരം വോട്ടര്‍മാരെ ചേര്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞതിനെ രാഹുല്‍ ഗാന്ധി 'വോട്ട് മോഷണത്തിനുള്ള തെളിവായി' ഉയര്‍ത്തിക്കാട്ടി.
എന്നാല്‍, കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം അന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്തത്, ഈ വാക്കുകള്‍ തെറ്റായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി അവതരിപ്പിച്ചത് എന്നാണ്.
നിയമപരമായി ശരിയായ ഒരു വോട്ടര്‍ രജിസ്‌ട്രേഷന്‍, പ്രതിപക്ഷം നിയമവിരുദ്ധമായ 'വോട്ട് മോഷണമായി' ചിത്രീകരിക്കാന്‍ ശ്രമിച്ചത് പൊതുസമൂഹത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ' വളച്ചൊടിക്കലാണ്' എന്ന ധാരണയുയര്‍ത്തി.
ഈ കാമ്പയിന്റെ ഏറ്റവും വലിയ പരാജയം, ഇത് സാധാരണ വോട്ടര്‍മാരുമായി ഒരുതരത്തിലും ബന്ധപ്പെട്ടില്ലെന്നതാണ്. സാധാരണക്കാര്‍ക്ക് തൊഴില്‍, വിലക്കയറ്റം, പ്രാദേശിക വികസനം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളായിരുന്നു പ്രധാനം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യന്‍ ജനത പ്രതീക്ഷിച്ചതും അതായിരുന്നു. വോട്ടര്‍മാര്‍ക്ക് പ്രസക്തമല്ലാത്ത വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ തങ്ങളുടെ തോല്‍വിക്ക് മുന്‍പേ ഒരു ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന ബി.ജെ.പിയുടെ വിമര്‍ശനമാണ് പൊതുജനമധ്യത്തില്‍ കൂടുതല്‍ സ്വീകാര്യമായത്.
വിശ്വാസ്യതയും സത്യസന്ധതയുമുള്ള പ്രതിപക്ഷമാവുക എന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുമ്പോള്‍, നിയമപരമായ പക്വതയും ജനകീയ വിഷയങ്ങളോടുള്ള പ്രതിബദ്ധതയും കോണ്‍ഗ്രസ് പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ, രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തമായ ഒരു ബദലായി അവര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.
പ്രതിപക്ഷത്തിന്റെ ഈ ശൂന്യതയാണ് ബിജെപിക്ക് അധികാരത്തുടര്‍ച്ചയുടെ വാതില്‍ എളുപ്പത്തില്‍ തുറന്നു കൊടുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us