ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം; ട്രാഫിക് സിഗ്‌നലില്‍ കാര്‍ പൊട്ടിത്തെറിച്ചു, 13പേര്‍ കൊല്ലപ്പെട്ടു; നടന്നത് ഭീകരാക്രമണമെന്ന് സൂചന, ഒരാള്‍ കസ്റ്റഡിയില്‍

സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

New Update
img(35)

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി, ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. ശക്തമായ സ്‌ഫോടനത്തില്‍ പതിമൂന്നു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment

വൈകുന്നേരം 6.52ന് രണ്ട് ഐ ട്വന്റി കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 


സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


ലാല്‍ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. ചെങ്കോട്ട ട്രാഫിക് സിഗ്‌നലിന് സമീപം സാവധാനം നീങ്ങിയ കാറുകളാണ് പൊട്ടിത്തെറിച്ചതെന്ന്  ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ച പറഞ്ഞു. 

'ഇന്ന് വൈകുന്നേരം 6.52 ഓടെ, റെഡ് സിഗ്‌നലില്‍ സാവധാനം നീങ്ങിയ വാഹനത്തില്‍ സ്‌ഫോടനം ഉണ്ടായി. അകത്ത് യാത്രക്കാരുണ്ടായിരുന്നു. മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. 


എല്ലാ ഏജന്‍സികളും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരണം സംഭവിച്ചു. കുറച്ച് പേര്‍ക്ക് പരിക്കേറ്റു'  അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനമുണ്ടായത്. വാഹനങ്ങളും കാല്‍നടയാത്രക്കാരും നിറഞ്ഞ പ്രദേശമായിരുന്നു. 


ഡല്‍ഹി ക്രൈംബ്രാഞ്ചില്‍നിന്നും സ്പെഷല്‍ ബ്രാഞ്ചില്‍നിന്നുമുള്ള സംഘങ്ങള്‍ വൈകുന്നേരം 7.02 ഓടെ സ്ഥലത്തെത്തിയതായി കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ അരമണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കി. 

ഹരിയാന രജിസ്ട്രഷനിലുള്ള കാര്‍ 

പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്‌ട്രേഷനിലുള്ള കാര്‍ ആണെന്നു തിരിച്ചറിഞ്ഞു. കാറിന്റെ ഉടമസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

എന്നാല്‍, കാര്‍ താന്‍ വിറ്റുവെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുന്നു. ഹരിയാനയിലേക്ക് സ്‌പെഷല്‍ സെല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. എന്‍ഐഎയും ഹരിയാനയിലേക്കു പോകും.

ദൃക്‌സാക്ഷികള്‍ പറയുന്നത്...

'ഒരാളുടെ ശരീരം കഷണങ്ങളായി ചിന്നിച്ചിതറി. ശക്തമായ സ്‌ഫോടനമാണു സംഭവിച്ചത്. പൊട്ടിത്തെറിച്ച വാഹനത്തില്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ഇരുപത്തിരണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു...'  സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും മുംബൈയിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

അമിത് ഷാ സംഭവസ്ഥലത്ത്

സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹി പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവയില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അമിത് ഷായില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഡല്‍ഹിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണു സ്‌ഫോടനം നടന്നത്.

Advertisment