ഡോക്ടർമാരെയും എൻജിനിയർമാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഭീകര സംഘടനകൾ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്ത് സ്ഫോടനങ്ങളുണ്ടാക്കാൻ പ്രത്യേക പരിശീലനം. സർക്കാർ സർവീസിലുള്ള ഡോക്ടർമാർ പോലും ഭീകര വലയിൽ. ആക്രമണ സ്ക്വാഡിൽ വനിതകളും. രാജ്യത്തിന് വെല്ലുവിളിയായി വൈറ്റ് കോളർ ടെററിസം. രാജ്യം നടുങ്ങിയ ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്

ഡോക്ടർമാർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിങ്ങനെ സമൂഹത്തിൽ ഉന്നത ജീവിതം നയിക്കുന്നവരെ റിക്രൂട്ട് ചെയ്ത് ആക്രമണങ്ങൾക്ക് ഉപയോഗിക്കുകയാണ് തീവ്രവാദ സംഘടനകളുടെ പുതിയ തന്ത്രം.

New Update
img(50)

ഡൽഹി: പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകി ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന തീവ്രവാദ സംഘടനകളുടെ തന്ത്രമാണ് ഡൽഹിയിലെ ചാവേർ സ്ഫോടനത്തിന് പിന്നിൽ.

Advertisment

അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറായ ഡോ. ഉമർ മുഹമ്മദാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത്.


ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ തീവ്രവാദ സംഘടനകളുടെ വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിലുള്ള സംഘത്തിലെ അംഗമായിരുന്നു. 


ഡോക്ടർമാർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിങ്ങനെ സമൂഹത്തിൽ ഉന്നത ജീവിതം നയിക്കുന്നവരെ റിക്രൂട്ട് ചെയ്ത് ആക്രമണങ്ങൾക്ക് ഉപയോഗിക്കുകയാണ് തീവ്രവാദ സംഘടനകളുടെ പുതിയ തന്ത്രം.

ഇയാളുടെ കൂട്ടാളികളായ രണ്ട് ഡോക്ടർമാരെ സ്ഫോടക വസ്തുക്കളുമായി ഹരിയാന പോലീസ് പിടികൂടിയിരുന്നു. ഇവരെ പിടികൂടിയ വിവരം അറിഞ്ഞാണ് ഉമർ ചെങ്കോട്ടയിലെത്തി സ്ഫോടനം നടത്തിയതെന്നാണ് വിവരം.

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെയാണ് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്.


ഇവർക്ക് ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു. 


പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു.  

ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ഞായറാഴ്ച സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിനടുത്തുള്ള അദലാജ് പട്ടണത്തിൽ നിന്ന് ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിനെ അറസ്റ്റ് ചെയ്തു.

സയ്യിദിന്റെ കൈവശം മൂന്ന് കൈത്തോക്കുകൾ, രണ്ട് ഓസ്ട്രിയൻ നിർമ്മിത ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ഇറ്റാലിയൻ നിർമ്മിത ബെറെറ്റ എന്നിവയും വെടിക്കോപ്പുകളും ഉണ്ടായിരുന്നു.


പിന്നാലെ രണ്ട് സഹായികളെയും പിടികൂടി. ജമ്മു കശ്മീർ പൊലീസ് ഹരിയാനയിലെ ഫരീദാബാദിൽ ഡോ. മുസമ്മിൽ ഷക്കീലുമായി ബന്ധപ്പെട്ട രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങൾ റെയ്ഡ് ചെയ്യുകയും മാരകമായ അളവിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 


3,000 കിലോഗ്രാം ബോംബ് നിർമ്മാണ വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ഹരിയാനയിൽ നിന്ന് തോക്കും തിരകളുമായി വനിതാ ഡോക്ടറും പിടിയിലായിട്ടുണ്ട്.

ഡൽഹിയിലെ അതിസുരക്ഷാ മേഖലയിലുള്ള ചെങ്കോട്ടയിൽ നടന്ന ചാവേർ സ്ഫോടനം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്.

100 മീറ്റർ ദൂരത്തിൽ ലാൽ മന്ദിർ ജൈന ക്ഷേത്രവും സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാരയും. ഒരു കിലോമീറ്റർ അകലെ ജുമാ മസ്ജിദ്, ഫത്തേപ്പുരി മസ്ജിദ്.

ഇവയെല്ലാം ബന്ധിപ്പിക്കുന്ന ചാന്ദ്നി ചൗക്ക്, മീന ബസാർ, ഭഗീരഥ് പാലസ് ഇലക്ട്രോണിക് മാർക്കറ്റ്, ഓൾഡ് ഡൽഹി മാർക്കറ്റുകൾ എന്നിവയെല്ലാമുള്ള മേഖലയാണ്. 


ആയിരക്കണക്കിനാളുകൾ മിനിറ്റു തോറുമെത്തുന്ന ഡൽഹിയുടെ ഹൃദയഭാഗത്താണ് സ്ഫോടമുണ്ടായത്. ഹരിയാന പോലീസ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിനെത്തുടർന്ന് അതീവജാഗ്രതയിലായിരുന്നു പോലീസും സുരക്ഷാ ഏജൻസികളും.


എന്നാൽ മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്ഫോടക വസ്തു നിറച്ച കാർ പൊട്ടിത്തെറിച്ചത് സുരക്ഷാ ഏജൻസികളുടെ വീഴ്ചയായും വിലയിരുത്തപ്പെടുന്നു.

കാറിന്റെ സി.എൻ.ജി ടാങ്ക് പൊട്ടിത്തെറിച്ചെന്നടക്കം അഭ്യൂഹങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും നടന്നത്  ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ചത് ഡൽഹി പൊലീസാണ്.

ഡോ. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2000 ഡിസംബർ 22 ന് ചെങ്കോട്ടയിൽ ലഷ്കറെ തയ്ബ നടത്തിയ ഭീകരാക്രമണത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 3 പേർ കൊല്ലപ്പെട്ടിരുന്നു.  2017 ൽ ചെങ്കോട്ടയ്ക്കുള്ളിൽ നിന്ന് സ്ഫോടന വസ്തുക്കൾ കണ്ടെത്തി.


2021 ജനുവരിയിലെ കർഷകസമരകാലത്തും ചെങ്കോട്ടയ്‌ക്കു നേരെ ആക്രമണമുണ്ടായി. അതിനാൽ രാജ്യത്തെവിടെ സ്ഫോടക വസ്തുക്കൾ പിടികൂടിയാലും ചെങ്കോട്ടയിൽ അതീവ ജാഗ്രത പ്രഖ്യാപിക്കുന്നതാണ് പതിവ്. 


ആക്രമണത്തെ തുടർന്ന് നവംബർ 13 വരെ ചെങ്കോട്ട അടച്ചിരിക്കുകയാണ്. തീവ്രവാദ ബന്ധം വ്യക്തമായതിനെത്തുടർന്ന് ഡൽഹി പൊലീസ് യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കും.

ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ് സ്ഫോടനം നടത്തിയ ഡോ.ഉമർ. പുൽവാമ ഭീകരാക്രമണവും അതിന്റെ തിരിച്ചടിയുമടക്കം ഇപ്പോഴത്തെ സ്ഫോടനത്തിന് കാരണമായിട്ടുണ്ടോയെന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്.


നേരത്തേ പിടിയിലായ ഫരീദാബാദിലെ ഭീകസംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡോ.ഉമ‌ർ. പൊട്ടിത്തറിച്ച കാറിൽ നിന്ന് കിട്ടിയ മൃതദേഹം ഉമറിന്റെതാണോയെന്ന് തിരിച്ചറിയാൻ ഫോറൻസിക് പരിശോധന നടത്തും. 


ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ദില്ലി ചെങ്കോട്ടയിൽ വൻ സ്ഫോടനമുണ്ടായത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.

സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയർന്നെന്നും ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29നാണ്. ഇയാളുടെ പുൽവാമയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി.

Advertisment