/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
ന്യൂഡല്‍ഹി: ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) 'ഇന്‍ഡ്യ' സഖ്യവും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ.
സഖ്യം പാറപോലെ ഉറച്ചതാണെന്നും ജാർഖണ്ഡിലെ ഓരോ പൗരന്റെയും അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ജനകേന്ദ്രീകൃത ക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും കെ.സി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഹേമന്ത് സോറനുമായി സംസാരിച്ചുവെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ കിംവദന്തികൾ മാത്രമാണ്. വലതുപക്ഷ ട്രോള്‍ ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍.
നിരാശയില്‍ നിന്നാണ് ഇതൊക്കെ വരുന്നത്. ഇത്തരം ട്രോളുകളൊന്നും ഞങ്ങളെ ബാധിക്കില്ല. ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ ദുർബലപ്പെടുത്താൻ അവർക്കൊരിക്കലും കഴിയില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
ഹേമന്ത് സോറാൻ എന്‍ഡിഎയിലേക്കെന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിന്നിലെന്നായിരുന്നു വാര്‍ത്തകള്‍. ജാർഖണ്ഡ് ഗവർണർ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. അതേസമയം ഹേമന്ത് സോറാൻ റിപ്പോര്‍ട്ടുകള്‍ തള്ളാനോ കൊള്ളാനോ ഇതുവരെ തയ്യാറായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us