വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം. വൻവിജയം എന്ന് കേന്ദ്ര സർക്കാർ. എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്

വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ യാത്രയാക്കിയത്

New Update
1764920126-0013

ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് കേന്ദ്ര സർക്കാർ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

Advertisment

ഇതിനിടെ രാഷ്ട്രപതി പ്രസിഡന്റ് പുടിന് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് ശശി തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിക്കുകയാണ്.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ യാത്രയാക്കിയത്. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. 

വ്യാപാരം ഇരട്ടിയാക്കാനും 2030 വരേയ്ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സർക്കാർ കരുതുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്ക്കില്ല എന്ന സൂചനയാണ് ഇന്ത്യ റഷ്യ സംയുക്ത പ്രസ്താവന നൽകുന്നത്. 

എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതൽ രാസവളം അടക്കം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളിൽ റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർക്കും തൊഴിലാളികൾക്കും പോകാൻ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം റിപ്പോർട്ട് ചെയ്തത്.

Advertisment