പ്രധാനമന്ത്രി മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാൻ വെറും തട്ടിപ്പോ ? ഇന്ത്യയിലെ പ്രധാന നഗരങ്ങൾ രൂക്ഷ മാലിന്യ സംസ്ക്കരണ പ്രതിസന്ധി നേരിടുന്നു. വിഷയം പാർലമെൻ്റിൽ ഉന്നയിച്ച് ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ്

വേഗമേറിയ നഗരവൽക്കരണത്തെ തുടർന്ന് ഈ അളവ് ഇനിയും കുത്തനെ ഉയരുമെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുൾ വഹാബ്  ഇതിൽ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ശാസ്ത്രീയമായിസംസ്കരിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കി .

New Update
P-V-Abdul-Wahab

ന്യൂഡൽഹി: രാജ്യത്തെ വൻ നഗരങ്ങൾ  അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ  ഖരമാലിന്യ സംസ്കരണ പ്രതിസന്ധിയെക്കുറിച്ച്  മുസ്ലിം ലീഗിൻ്റെ  രാജ്യസഭാംഗം  അബ്ദുൽ വഹാബ് രാജ്യസഭയിലെ ശൂന്യവേളയിൽ  ആശങ്ക രേഖപ്പെടുത്തിയതോടെയാണ് കേന്ദ്രസർക്കാരിൻ്റെ  സ്വച്ഛ് ഭാരത് അഭിയാൻ സംബന്ധിച്ച വിവരങ്ങൾ ചർച്ചയാകുന്നത്. 

Advertisment

ഇന്ത്യയിലെ നഗര പ്രദേശങ്ങൾ വർഷംതോറും 62 ദശലക്ഷം ടണ്ണിലധികം മുനിസിപ്പൽ ഖരമാലിന്യമാണ് ഉൽപാദിപ്പിക്കുന്നത്.

വേഗമേറിയ നഗരവൽക്കരണത്തെ തുടർന്ന് ഈ അളവ് ഇനിയും കുത്തനെ ഉയരുമെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുൾ വഹാബ്  ഇതിൽ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ശാസ്ത്രീയമായിസംസ്കരിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കി .

അവശേഷിക്കുന്ന മാലിന്യം തുറന്ന സ്ഥലങ്ങളിലോ താഴ്ന്ന പ്രദേശങ്ങളിലോ തള്ളപ്പെടുന്നതിലൂടെ ഗുരുതരമായ പരിസ്ഥിതി–ആരോഗ്യ ഭീഷണികൾ സൃഷ്ടിക്കപ്പെടുന്നുവെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടുമ്പോൾ അത് ഏറെ ഗൗരവമുള്ള വിഷയമാണ്.

രാജ്യ തലസ്ഥാനമായ ഡൽഹി വൻ നഗരങ്ങളായ മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെല്ലാം  ലാൻഡ്‌ഫില്ലുകൾ രൂപകൽപ്പന ചെയ്ത ശേഷിയേക്കാൾ നിലവിൽ  പലമടങ്ങ് അതിക്രമിച്ചിരിക്കുകയാണ്.

ഇതിന്റെ ഫലമായി ലാൻഡ്‌ഫിൽ തീപിടിത്തങ്ങൾ, അന്തരീക്ഷ - വായു  മലിനീകരണം, ഭൂഗർഭജല മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ  ഇതിനോടകം രൂക്ഷമായിരിക്കുകയാണെന്നും ലീഗ് നേതാവ് രാജ്യസഭയിൽ പറഞ്ഞു. 

മാലിന്യങ്ങൾ  ഉറവിടത്തിൽ തന്നെ  വേർതിരിക്കലിനുള്ള അപര്യാപ്തത, വീടുകളിൽ നിന്നുമുള്ള  ശേഖരണം കാര്യക്ഷമമല്ലാത്തത്, ആവശ്യത്തിന് സംസ്കരണ സൗകര്യങ്ങൾ ലഭ്യമല്ലാത്തത്  എന്നിവയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത് .  

ഇതിൻ്റെ  ആഘാതം പൊതുജനാരോഗ്യത്തിലുണ്ടാകുന്നുവെന്നും ശ്വസന രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, അണുബാധാ സാധ്യതകൾ എന്നിവ വർധിക്കുന്നുവെന്നും, പ്രത്യേകിച്ച് ശുചീകരണ തൊഴിലാളികളും മാലിന്യകൂമ്പാരങ്ങൾക്ക് സമീപം താമസിക്കുന്ന ജനവിഭാഗങ്ങളും ഗുരുതര അപകടത്തിലാണെന്നുമുള്ള  മുന്നറിയിപ്പ് ലീഗ് നേതാവ്  നൽകുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാവുകയാണ് .

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാൻ താഴെ തട്ടിൽ  ഫലപ്രദമായ നടപ്പാക്കൽ പരാജയപ്പെട്ടെന്ന വിമർശനം അബ്ദുൽ വഹാബ് ഉയർത്തുന്നത്  ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങൾ 2016 നിലവിലുണ്ടായിട്ടും നഗര തദ്ദേശ സ്ഥാപനങ്ങളിൽ സാങ്കേതിക ശേഷിയും ധനസഹായവും ഉത്തരവാദിത്വവും കുറവായതിനാൽ നടപ്പാക്കൽ ദുർബലമാണെന്ന് എടുത്ത് കാട്ടി തന്നെയാണ്.

ഇക്കാര്യത്തിൽ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻ്റ് അർബൻ അഫയേഴ്സ്  അടിയന്തരമായി സമയബന്ധിതവും അളക്കാവുന്നതുമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഖരമാലിന്യ സംസ്കരണ പ്രതിസന്ധി പരിസ്ഥിതി പ്രശ്നം മാത്രമല്ല, പൊതുജനാരോഗ്യത്തിന്റെയും നല്ല ഭരണത്തിന്റെയും അനിവാര്യ ഘടകമാണെന്ന് അബ്ദുൽ വഹാബ് പറഞ്ഞത് ഇക്കാര്യത്തിലുള്ള  കേന്ദ്രസർക്കാരിൻ്റെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടിയാണ്.

ഏറെ കൊട്ടിഘോഷിച്ച കേന്ദ്രപദ്ധതിയെ ലീഗ് നേതാവ് തുറന്ന് കാട്ടിയിട്ടും വിഷയം വേണ്ട വിധത്തിൽ ചർച്ചയായോ എന്നത് പരിശോധിക്കേണ്ടതാണ്.

അതിവേഗം നഗര വൽക്കരിക്കപ്പെടുന്ന നമ്മുടെ രാജ്യത്തെ സംബന്ധിച്ച് മാലിന്യ സംസ്കരണം എന്ന വെല്ലുവിളി വാഗ്ദാനങ്ങൾക്കും പരസ്യ വാചകങ്ങൾക്കുമപ്പുറം ഗൗരവത്തോടെ  ഏറ്റെടുക്കാൻ ഭരണാധികാരികൾ തയ്യാറാകണം എന്നതാണ് ലീഗ് നേതാവിൻ്റെ വിമർശനത്തിൽ അടങ്ങിയിരിക്കുന്നത്.

 പ്രചാരണത്തിനപ്പുറം സ്വച്ഛ് ഭാരത് അഭിയാൻ എങ്ങനെ നടപ്പിലാക്കുന്നു എന്ന് കേന്ദ്ര സർക്കാർ ഇനി എങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു.

Advertisment