/sathyam/media/media_files/2025/12/10/kc-venugopal-2025-12-10-14-40-47.jpg)
ഡല്‍ഹി : ക്രിസ്മസ് ആഘോഷ ദിനങ്ങളില്‍ പോലും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് രാജ്യത്തിന് തീരാത്ത കളങ്കമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് നല്കുന്ന അവധി ഉള്‍പ്പടെ നിഷേധിക്കുകയും പകരം അന്നേദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്യുക വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കിയെന്നും കെസി വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.
മോദി ഭരണത്തില്‍ രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങി.
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് തുടര്‍ക്കഥയായി.
ജബല്‍പൂര്‍, ഡല്‍ഹി, ഛത്തീസ്ഗഢ്, ഒഡീഷ തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഭരണകൂടത്തിന്റെ പൂര്‍ണ്ണമായ ഒത്താശയോടെ സംഘപരിവാര്‍ ഗുണ്ടകള്‍ ക്രിസ്ത്യാനികളെ സംഘടിതമായി ആക്രമിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഹവാബാഗ് കോളേജിന് സമീപം കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്രിസ്മസ് ഉച്ചഭക്ഷണ പരിപാടി ബജറംങ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
മതപരിവര്‍ത്തനത്തിനാണോ വേശ്യാവൃത്തിക്കാണോ വന്നതെന്ന് കുട്ടികളോട് ബിജെപി നേതാക്കള്‍ ചോദിക്കുന്ന വീഡിയോ പുറത്തുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹി ബദല്‍പൂരില്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംങ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും, ആഘോഷങ്ങള്‍ വീട്ടിലിരുന്നു മതിയെന്ന് പറയുകയും ചെയ്തു.
ഹരിദ്വാറിലെ ഗംഗാതീരത്തുള്ള യുപി ടൂറിസം വകുപ്പിന്റെ ഹോട്ടലില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി.
'ഗംഗാ സഭ' എന്ന പുരോഹിത സംഘടന ആഘോഷം ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കുട്ടികളുടെ ഒരു കരോള്‍ സംഘത്തെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.
തിരുവനന്തപുരത്ത് കരോള്‍ ഗാനത്തിന് പകരം ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ് രംഗത്ത് വന്നതും അതിന് കഴിയാതെ വന്നതോടെ കോര്‍പറേഷന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗണഗീതം ആലപിക്കുന്നതും നമ്മള്‍ കണ്ടതാണ്.
ആട്ടിന്തോലിട്ട ചെന്നായ്ക്കളെ പോലെ വ്യാജ ക്രൈസ്തവ സ്നേഹവുമായി ഓരോ ക്രിസ്മസിനും വിശ്വാസികളെ തേടിയെത്തിയിരുന്നവരുടെ തനിനിറമാണ് പുറത്ത് വരുന്നത്.
അവരുടെ വിഷവും വിദ്വേഷവുമാണ് ഈ ക്രിസ്മസ് കാലത്ത് ബിജെപി നല്‍കുന്ന സമ്മാനം.
ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി ചെറുത്ത് നില്‍ക്കണമെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ ആഹ്വാനം ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us