തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഇന്ന് നിര്‍ണായകം. ബിഹാര്‍ അടക്കം സംസ്ഥാനങ്ങളിലെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്

New Update
supreme court

ഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളും ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

Advertisment

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, യുപിയിലെ  വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.

കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക voters.eci.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

2,54,42,352 വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 

1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചിട്ടുള്ളത്. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർക്ക് ജനുവരി 22 വരെ സത്യവാങ്മൂലത്തോടൊപ്പം അപേക്ഷിക്കാം. 

പട്ടികയിൽ പരാതികളുണ്ടെങ്കിലും അന്നേ ദിവസം വരെ നൽകാം. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ട്. ചില ബൂത്തുകളിൽ വൻ തോതിൽ വോട്ടർമാരെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വ്യക്തമാക്കിയിരുന്നു.

Advertisment