ജെഎൻയുവിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം. വിദ്യാർത്ഥികൾക്കെതിരെ നടപടിക്കൊരുങ്ങി അധികൃതർ

കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നത്.

New Update
jnu

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). 

Advertisment

ചൊവ്വാഴ്ച സർവകലാശാല എക്സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയത്. സർവകലാശാലകളെ 'വെറുപ്പിന്റെ പരീക്ഷണശാലകളാ'ക്കി മാറ്റാൻ അനുവദിക്കില്ലെന്നാണ് സർവകലാശാല പുറത്ത് വിട്ട കുറിപ്പിൽ പറയുന്നത്.

പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതായി കാണിച്ച് സർവകലാശാല ഡൽഹി പൊലീസിന് കത്തെഴുതിയിട്ടുണ്ട്. 

കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നത്.

അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമമോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്. 

സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സസ്പെൻഷൻ, പുറത്താക്കൽ, സ്ഥിരമായ വിലക്ക് എന്നിവയുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. 

അതേസമയം മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നാണ് സർവകലാശാല അവകാശപ്പെടുന്നത്. എന്നാൽ എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisment