/sathyam/media/media_files/2026/01/15/k-m-shaji-2026-01-15-18-37-16.png)
ന്യൂഡൽഹി: ​അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്ക് കേരളാഹൈക്കോടതി വിധിച്ച ആറുവർഷത്തെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന ആവശ്യത്തിൽ വിശദവാദം കേൾക്കാൻ സുപ്രീംകോടതി.
എം വി നികേഷ്‌കുമാർ ഉന്നയിച്ച ആവശ്യത്തിൽ വ്യാഴാഴ്‌ചതന്നെ സുപ്രീംകോടതി വിശദമായ വാദംകേൾക്കും. 2016 ലെ തെരഞ്ഞെടുപ്പിൽ കെ എം ഷാജി മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്‌ത് വോട്ട് പിടിച്ചെന്ന ആരോപണം ശരിവച്ചാണ് ഹൈക്കോടതി 2018 നവംബറിൽ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്.
അതോടൊപ്പം, ഷാജിക്ക് ഹൈക്കോടതി ആറ് വർഷത്തേക്ക് മത്സരിക്കുന്നതിന് വിലക്കുമേർപ്പെടുത്തി. ഹൈക്കോടതി വിധിക്കെതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചു.
ഹർജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്‌തു. എംഎൽഎ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ലെന്നത് ഉൾപ്പടെയുള്ള ഉപാധികളോടെയായിരുന്നു സ്‌റ്റേ.
2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുകയാണെന്ന് എം വി നികേഷ്‌കുമാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടി.
ഇതേതുടർന്ന്, അയോഗ്യതാവിഷയത്തിൽ വിശദമായ വാദംകേൾക്കാമെന്ന് ജസ്‌റ്റിസ് ബി വി നാഗരത്ന, ജസ്‌റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് അറി യിച്ചു.
മതം,ജാതി അടിസ്ഥാനത്തിൽ വോട്ട് തേടുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123–ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.
123(3എ) വകുപ്പ് അനുസരിച്ച് മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതും സ്‌പർധയുണ്ടാക്കുന്നതുമായ നടപടികളിൽ സ്ഥാനാർഥിയോ ഏജന്റോ സ്ഥാനാർഥിയുമായി ബന്ധമുള്ളവരോ ഏർപ്പെട്ടാൽ അത്തരം സ്ഥാനാർഥികളുടെ വിജയം റദ്ദാക്കുകയും അവർക്ക് പിന്നീട് മത്സരിക്കാൻ അയോഗ്യത ഏർപ്പെടുത്തുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us