വിത്ത് ബില്ലിൽ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ച. ഇന്ത്യൻ കൃഷിയെയും ജനങ്ങളുടെ വിത്ത് സ്വയംഭരണാവകാശത്തെയും മൾട്ടിനാഷണൽ കമ്പനികൾക്കും ധനമൂലധന ശക്തികൾക്കും ലോക വ്യാപാര സംഘടന നയങ്ങൾക്കും അടിയറ വെക്കാൻ അനുവദിക്കില്ല. വിത്ത് ബിൽ 2025 സംബന്ധിച്ച് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് 10 ചോദ്യങ്ങളുന്നയിച്ച് എസ്.കെ.എം

ജിഎം വിത്തുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ദേശീയ സമവായം ഇല്ലാത്ത സാഹചര്യത്തിൽ നിരോധനം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്

New Update
Farmers Mahapanchayat 7


ഡൽഹി: വിത്ത് ബില്ലിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തുകയാണ് സംയുക്ത കിസാൻ മോർച്ച. വിത്ത് ബിൽ 2025 സംബന്ധിച്ച് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി  ശിവരാജ് സിംഗ് ചൗഹാനോട 10 ചോദ്യങ്ങളാണ് സംഘടന ചോദിക്കുന്നത് .

Advertisment

വിത്ത് ബിൽ 2025  മൾട്ടിനാഷണൽ കമ്പനികൾക്കും ദേശിയ വിത്ത് കോർപ്പറേറ്റുകൾക്കും അനുകൂലമാണെന്ന് ആരോപിച്ച് രാജ്യത്തുടനീളം കർഷകർ പ്രതിഷേധിക്കുമ്പോൾ ബിൽ കർഷകരെയും ഇന്ത്യൻ കൃഷിയെയും സംരക്ഷിക്കുന്നതാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്തുകൊണ്ട്?


കൃഷി സംസ്ഥാന വിഷയമായിരിക്കെ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്ര സർക്കാർ വിത്ത് ബിൽ കൊണ്ടുവന്നത് എന്തുകൊണ്ട്?


വിത്ത് ഉത്പാദനം മുതൽ പരിശോധന വരെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന കേന്ദ്ര വിത്ത് കമ്മിറ്റിയാണ് ബിൽ നിർദ്ദേശിക്കുന്നത്. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും യുക്തമായ പ്രതിനിധിത്വം ഇല്ലാത്തത് എന്തുകൊണ്ട്?

ഗുണമേന്മയുള്ള വിത്തുകൾ സമയബന്ധിതമായി, ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനെ ക്കുറിച്ച് ബിൽ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട്? 

ഒരു കർഷകപക്ഷ വിത്ത് നിയമത്തിലെ ആദ്യ വ്യവസ്ഥ ഇതായിരിക്കണം പി.പി.വി.എഫ്.ആർ. നിയമം ലംഘിച്ച് കർഷകരെ കോർപ്പറേറ്റ് കമ്പനികളുമായി സമാനമായി കാണുന്നത് എന്തുകൊണ്ട്? 

നിലവിലുള്ള ഇന്ത്യൻ നിയമപ്രകാരം കർഷകർക്ക് വിത്തുകൾ ഉത്പാദിപ്പിക്കാനും, സംരക്ഷിക്കാനും, കൈമാറാനും, പരസ്പരം മാറ്റിക്കൊടുക്കാനും അവകാശമുണ്ട്. 


എന്നാൽ വിത്ത് ബിൽ 2025 പ്രകാരം ചെറിയ പരമ്പരാഗത വിത്ത് ഉത്പാദകരും വലിയ കോർപ്പറേറ്റ് കമ്പനികളും ഒരേ രീതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധിക്കുന്നത് ഈ അവകാശത്തെ ബാധിക്കുന്നതല്ലേ.


വിദേശത്ത് പരീക്ഷിച്ച വിത്തുകൾ ഇന്ത്യയിൽ അനുവദിക്കുന്നത് എന്തുകൊണ്ട്? ഇന്ത്യയ്ക്ക് 15 വ്യത്യസ്ത കൃഷി-കാലാവസ്ഥാ മേഖലകളുണ്ട്.

വിദേശത്ത് പരീക്ഷിച്ച വിത്തുകൾ, പ്രത്യേകിച്ച് ജിഎം വിത്തുകൾ, ദേശിയ വിത്തിനങ്ങളെ മലിനമാക്കാനും നമ്മുടെ വിത്ത് പരമാധികാരത്തെ വിത്തുകളുടെ ജീനറ്റിക് സമ്പത്തിന്മേലുള്ള അവകാശത്തെ ഇല്ലാതാക്കാനും കാരണമാകും.

ജിഎം വിത്തുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ദേശീയ സമവായം ഇല്ലാത്ത സാഹചര്യത്തിൽ നിരോധനം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്. മൾട്ടിനാഷണൽ കമ്പനികൾക്ക് ഇന്ത്യൻ കൃഷിയിൽ ആധിപത്യം സ്ഥാപിക്കാൻ അവസരം നൽകുന്നത് എന്തുകൊണ്ട്? 


വിത്ത് ബിൽ 2025 ജിഇഎസി അടക്കമുള്ള നിയന്ത്രണ ഏജൻസികളെ മറികടന്ന് കമ്പനികൾക്ക് പ്രവേശനം സുലഭമാക്കുന്നില്ലേ? ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് ഇറക്കുമതി നിയന്ത്രിച്ചിരുന്ന 1966 ലെ വിത്ത് നിയമത്തിലെ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തിയതെന്തിന്? 


ഇറക്കുമതി ചെയ്യുന്ന വിത്തുകൾ, സസ്യങ്ങൾ, തൈവർഗങ്ങൾ എന്നിവ ഇന്ത്യൻ ലാബുകളിൽ സ്വതന്ത്രമായി പരിശോധനയും അംഗീകാരവും നേടാതെ വിപണിയിൽ വിടാൻ അനുവദിക്കുന്നത് എന്തുകൊണ്ട്.

വിത്തുകളുടെ അമിതവില നിയന്ത്രിക്കാത്തത് എന്തുകൊണ്ട്? പച്ചക്കറി വിത്തുകളും ഹൈബ്രിഡ് വിത്തുകളും ഇതിനകം പല കർഷകർക്കും താങ്ങാനാവാത്ത വിലയിലാണ്. എന്നിട്ടും വിത്ത് ബിൽ 2025 ൽ വില നിയന്ത്രണത്തിന് യാതൊരു വ്യവസ്ഥയും ഇല്ലാത്തത് എന്തുകൊണ്ട്?

ന്യായമായ വില നിർണയത്തിനുള്ള സ്ഥിരമായ സംവിധാനമില്ലാത്തത് എന്തുകൊണ്ട്? 1983 ലെ വിത്ത് നിയമങ്ങളിലെ കരിമാർക്കറ്റിംഗ് വിരുദ്ധ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തിയതെന്തിന്. കർഷക സഹകരണ സംഘങ്ങളെയും പൊതുഗവേഷണ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പി ക്കാത്തത് എന്തുകൊണ്ട്? 

ഐ.സി.എ.ആർ., പൊതു ഗവേഷണ സ്ഥാപനങ്ങൾ, കർഷക സഹകരണ സംഘങ്ങൾ നടത്തുന്ന വിത്ത് ഗ്രാമങ്ങൾ എന്നിവ ചെറുകർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ ന്യായമായ വിലയ്ക്ക് നൽകാൻ കഴിയും. എന്നാൽ വിത്ത് ബിൽ 2025 ഇവയെ പിന്തുണയ്ക്കുന്നില്ല; മറിച്ച് വലിയ കമ്പനികൾക്ക് “Ease of Doing Business” സൗകര്യങ്ങൾ നൽകുന്നു.

വ്യാജ വിത്തുകൾ മൂലമുള്ള വിളനാശത്തിന് കർഷകർക്ക് എളുപ്പത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാത്തത് എന്തുകൊണ്ട്?


കുറ്റക്കാരെതിരെ കർശന നിയമനടപടി ഉറപ്പാക്കാത്തത് എന്തുകൊണ്ട്? പ്രത്യേകിച്ച് പരുത്തി മേഖലയിൽ വ്യാജ വിത്തുകൾ മൂലമുള്ള വിളനാശം നിരവധി കർഷക ആത്മഹത്യകൾക്ക് കാരണമായിട്ടുണ്ട്. 


എന്നിട്ടും വിത്ത് ബിൽ 2025 ലാഭനഷ്ടം, കൃഷിചെലവ്, പുതിയ വിത്തിന്റെ ചെലവ്, വിത്ത് ഇൻഷുറൻസ് എന്നിവയ്ക്ക് നഷ്ടപരിഹാരം നിർബന്ധമാക്കുന്നില്ല.

വിളനാശത്തെക്കുറിച്ച് പരാതി നൽകാൻ കർഷകർക്ക് അവകാശം നിഷേധിച്ച് വിത്ത് ഇൻസ്പെക്ടർമാർക്ക് മാത്രമായി അത് പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ട്?. 

ഓരോ വിത്ത് പാക്കിലും QR കോഡ് നിർബന്ധമാക്കുമ്പോൾ സർവജന ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാത്തത് എന്തുകൊണ്ട്? നിരവധി ചെറിയ ഉത്പാദകർക്ക് മതിയായ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല.

എന്നിങ്ങനെയുള്ള  ചോദ്യങ്ങൾക്ക് കൃഷി മന്ത്രിക്ക് വ്യക്തവും വിശ്വസനീയവുമായ മറുപടി ഇല്ലെങ്കിൽ, വിത്ത് ബിൽ 2025 പാർലമെന്റിൽ നിയമമാക്കരുതെന്ന്  രാജ്യത്തുടനീളമുള്ള കർഷകർ ശക്തമായി ആവശ്യപ്പെടുന്നുവെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.

ഇന്ത്യൻ കൃഷിയെയും ജനങ്ങളുടെ വിത്ത് സ്വയംഭരണാവകാശത്തെയും മൾട്ടിനാഷണൽ കമ്പനികൾക്കും ധനമൂലധന ശക്തികൾക്കും ലോക വ്യാപര സംഘടനാ  നയങ്ങൾക്കും അടിയറ വെക്കാൻ അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

Advertisment