പശ്ചിമേഷ്യന്‍ സംഘര്‍ഷം: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ. എല്‍പിജിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. റിപ്പോര്‍ട്ട്

നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്.

New Update
images

 ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിയിൽ ആശങ്ക. 

Advertisment

ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഇന്ത്യയെപ്പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി.

നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മില്യൺ മുതൽ 2.7 മില്യൺ ബാരൽ വരെയാണ് ഇത്തരത്തിൽ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ എത്തിയിരുന്നത്.

യുദ്ധ സാഹചര്യത്തിൽ ആഭ്യന്തര തലത്തിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എൽപിജി റേഷനിങ് ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നതയാണ് റിപ്പോർട്ടുകൾ. 

നിലവിൽ ഇന്ത്യയുടെ പക്കലുള്ള കരുതൽ എണ്ണശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമേ തികയൂ എന്ന റിപ്പോർട്ടുകളുണ്ട്. വാണിജ്യ താൽപ്പര്യങ്ങൾ മുൻനിർത്തി എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും.

ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ഒരു അടിയന്തര ക്രൂഡ് സപ്ലൈ പ്ലാൻ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് നേരത്തെ സൂചനകൾ നൽകിയിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന കാര്യം കേന്ദ്ര സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. 

പശ്ചിമേഷ്യയിലെ അസ്ഥിരത ഊർജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാൻ റഷ്യയിൽ നിന്നുള്ള വിതരണം വർദ്ധിപ്പിക്കുക എന്നതാകും ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി.

Advertisment