New Update
/sathyam/media/media_files/31m6Su4ZytOtR5nHTTY8.jpg)
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആകെ 38 ഹരജികളാണ് കോടതി മുമ്പാകെ ഇന്ന് എത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള പരാതികളുന്നയിച്ചുള്ള ഹർജികൾ പരിഗണിക്കുക. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ വീണ്ടും നടത്തണമെന്ന ഹരജികളും ഇക്കൂട്ടത്തിലുണ്ട്. മെയ് 5ന് നടത്തിയ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന നിലപാടിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി.
Advertisment
അതെസമയം പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന നിലപാടിലാണ്നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇക്കാര്യം ഏജൻസി സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതായിരിക്കുമെന്നും ദേശീയ പരീക്ഷാ ഏജൻസി പറയുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും പരീക്ഷ വീണ്ടും നടത്തുന്നതിനെ എതിർത്ത് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ പരിശോധിക്കാൻ സിബിഐയെ ഏൽപ്പിച്ചിട്ടുണ്ടെന്നും രണ്ടുകൂട്ടരും കോടതിയെ ബോധിപ്പിച്ചു.
നീറ്റ് യുജി ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ആദ്യം പരിഗണനയ്ക്ക് എടുത്തത്. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ), വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവരോട് ബഞ്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹർജികൾ വേനൽ അവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സി.ബി.ഐ.അന്വേഷണം പുരോഗമിക്കുകയാണ്. ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇരുപതിലേറെ പേരെ ഇതുവരെ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു.