ഐ.എ.എസ് കോച്ചിങ് സെന്ററിലെ അപകടം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

New Update
Delhi IAS coaching center

ഡൽഹി: റാവൂസ് സിവിൽ സർവീസ് കോച്ചിങ് സെന്ററില്‍ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോച്ചിങ് സെന്റർ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡൽഹി കോർപറേഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Advertisment

വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ വി.ശിവദാസനും മാണിക്കം ടാഗോറും ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി. പാർലമെന്റ് നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നും കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം.പിയും വ്യക്തമാക്കി.

അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നവീന്റെ പോസ്റ്റ്‍മോർട്ടം നടപടികൾ ആരംഭിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതായി നവീന്റെ അമ്മാവൻ ലിനുരാജ് പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എത്രയുണ്ടെന്ന് കണ്ടെത്തണമെന്നും ലിനുരാജ് പറഞ്ഞു. നവീന്റെ മൃതദേഹം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം നാളെ നടക്കും. അപകടത്തെ തുടർന്ന് ഡൽഹിയിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. കൃത്യമായ ഇടപെടലുണ്ടാകുംവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്.

Advertisment