ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറി മുങ്ങി മരിച്ച മലയാളി ഉൾപ്പടെയുള്ളവരുടെ കുടുംബങ്ങൾക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.
അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും ബാക്കി 25 ലക്ഷം രൂപ ആറ് മാസത്തിനകം നൽകുമെന്ന് റാവു സ്റ്റഡി സെന്ററിന്റെ സിഇഒ അഭിഷേക് ഉറപ്പുനൽകിയതായി അഭിഭാഷകൻ മോഹിത് സർഫ് അറിയിച്ചു. ജെഎൻയു ഗവേഷക വിദ്യാർത്ഥിയായിരുന്ന എറണാകുളം സ്വദേശി നെവിൻ, തെലങ്കാന സ്വദേശിനിയായ തനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.
മരണപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ സ്മരാണാർത്ഥം ലൈബ്രറികൾ നിർമിക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്റോ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡൽഹിയിലെ ഓൾ ഡ് രാജീന്ദ്രനഗറിലെ റാവു സ്റ്റഡി സർക്കിൾ കോച്ചിംഗ് സെന്ററിലെ ബേസ്മെൻ്റിൽ വെള്ളം നിറഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചത്. സംഭവത്തിൽ സിഇഒ അഭിഷേക് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപത്തെ ഓടയിലേക്ക് കാർ ഇടിച്ചിറക്കിയതോടെയാണ് വെള്ളം ബേസ്മെന്റിലേക്ക് ഇരച്ചെത്തിയത്. കാർ ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.