ന്യൂഡൽഹി: മതപരിവര്‍ത്തനങ്ങള്‍ തടഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷം ഒരുനാൾ ഭൂരിപക്ഷമാകുമെന്ന അലഹബാദ് ഹൈകോടതിയുടെ നിരീക്ഷണം സുപ്രീംകോടതി തള്ളി.
ക്രിസ്തുമതത്തിലേക്ക് മാറിയെന്നാരോപിച്ച് യു.പി പൊലീസ് കേസെടുത്ത കൈലാഷിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിക്കുകയും ചെയ്തു. കൈലാഷിന്റെ ജാമ്യാപേക്ഷ തള്ളിയാണ് അലഹബാദ് ഹൈകോടതി കഴിഞ്ഞ മാസം ഈ വിവാദ നിരീക്ഷണം നടത്തിയത്.
2021ലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനെതിരെയുമാണ് കൈലാഷിനെതിരെ യു.പി പൊലീസ് കേസെടുത്തത്. 2023 മേയ് 21 മുതൽ പ്രതി കസ്റ്റഡിയിലാണെന്നും 2023 ജൂലൈ 19ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.