ചണ്ഡീഗഢ്: മയക്കുമരുന്ന് വിൽക്കുന്നതിനിടെ മുൻ വനിതാ എം.എൽ.എ നാർക്കോട്ടിക് വിരുദ്ധ സേനയുടെ പിടിയിൽ. ബി.ജെ.പി നേതാവായ സത്കർ കൗർ ഗെഹ്രിയാണ് പിടിയിലായത്. 100 ഗ്രാം ഹെറോയിനാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
പഞ്ചാബ് പൊലീസിന്റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗമാണ് ഹെറോയിൻ വിൽക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്തത്. 2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു.
ബന്ധുവായ ജസ്കീരാത് സിംഗിനൊപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.