ന്യൂഡൽഹി: നിരവധി ജുഡീഷ്യൽ ഓഫിസർമാരെ സ്ഥലം മാറ്റി ഡൽഹി ഹൈകോടതി. അടിയന്തര പ്രാധാന്യത്തോടെയാണ് നടപടി.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതി പരിഗണിക്കുന്ന പട്യാല ഹൗസ് കോടതി പോക്സോ സ്പെഷൽ ജഡ്ജി ഛവി കപൂറും സ്ഥലംമാറ്റപ്പെട്ടവരിൽ പെടും.
റൗസ് അവന്യു കോടതിയിലേക്കാണ് സ്ഥലം മാറ്റം. ഈ കേസ് പകരം അഡീഷനൽ സെഷൻസ് ജഡ്ജി ഗോമതി മനോച പരിഗണിക്കും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ മദ്യനയ കുംഭകോണ കേസും ആപ് എം.എൽ.എ അമാനത്തുല്ല ഖാനെതിരെ വഖഫ് തട്ടിപ്പ് കേസുമടക്കം പരിഗണിച്ചിരുന്ന സ്പെഷൽ ജഡ്ജി രാകേഷ് സയാൽ വിരമിച്ച ഒഴിവിൽ അഡീഷനൽ സെഷൻസ് ജഡ്ജി ജിതേന്ദ്ര സിങ് ആകും കേസ് പരിഗണിക്കുക.