ന്യൂഡൽഹി: ഗഗൻയാൻ 2026ൽ വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ദൗത്യമാണ് ഗഗൻയാൻ. ഡൽഹിയിൽ ആകാശവാണിയുടെ സർദാർ പട്ടേൽ അനുസ്മരണ പ്രഭാഷണം നടത്താനെത്തിയതായിരുന്നു സോമനാഥ്.
ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യയുടെ സംഭാവന നിലവിൽ രണ്ട് ശതമാനമാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഇത് 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഐ.എസ്.ആർ.ഒ മേധാവി പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ചന്ദ്രയാൻ-നാല് ദൗത്യം 2028 ഓടെയാണ് പദ്ധതിയിടുന്നത്.
ചന്ദ്രയാൻ-5 ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സയുമായി ചേർന്ന് സംയുക്ത ദൗത്യമായിരിക്കും. 2028ന് ശേഷം ഇത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.