ന്യൂഡൽഹി: ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ കൂറ്റൻ ഡാം നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആശങ്കകളും വിദഗ്ധ തലത്തിലും നയതന്ത്ര തലത്തിലും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് കൂടിയാലോചനയുടെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് മേഖലയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിൽ അധികാരപരിധി ഉറപ്പിക്കുന്ന രണ്ട് പുതിയ അഡ്മിനിസ്ട്രേറ്റീവ് കൗണ്ടികൾ സൃഷ്ടിക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചു.
ചൈനയുടെ നീക്കം നിയമവിരുദ്ധമായ അധിനിവേശമാണെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.ടിബറ്റിൽ ബ്രഹ്മപുത്രക്ക് കുറുടെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കുകയാണെന്ന് ചൈന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ വലുതായിരിക്കും പുതിയ അണക്കെട്ട്.
നാസയുടെ കണക്കനുസരിച്ച് ഭൂമിയുടെ ഭ്രമണം 0.06 സെക്കൻഡ് മന്ദഗതിയിലാക്കാൻ സാധിക്കുന്നയത്ര വലുതായിരിക്കും അണക്കെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിലാണ് അണക്കെട്ടെന്നതാണ് പ്രധാന ആശങ്ക.
പരിസ്ഥിതിയിൽ ഉണ്ടാകുന്ന ആഘാതം കൂടാതെ, ഉയർന്ന ഭൂകമ്പ മേഖലയായതിനാൽ ഈ പ്രദേശം ഭൂമിശാസ്ത്രപരമായി ദുർബലമാണ്. അതോടൊപ്പം പദ്ധതി ബ്രഹ്മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും പ്രതികൂലമായി ബാധിക്കും.
നിർദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരൾച്ചയുടെയും ഭീമാകാരമായ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്.